ആചാര സംരക്ഷണത്തിന് അയ്യപ്പ ജ്യോതി


ആചാര വിശ്വാസ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമംവരെ 2018 ഡിസംബർ 26-ന് അയ്യപ്പജ്യോതി തെളിഞ്ഞു. കൂടാതെ വിദേശ രാജ്യങ്ങളിലും, പതിനൊന്ന് സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലും, രാജ്യതലസ്ഥാനത്തും ജ്യോതി തെളിയിക്കലിൻ്റെ ഭാഗമായി.


സംസ്ഥാനത്തൊട്ടാകെ പത്തു ലക്ഷത്തിലേറെ ഭക്ത ജനങ്ങളാണ് ഈ അയ്യപ്പ ജ്യോതിയിൽ അണിനിരന്നത്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍ ഭക്തര്‍ നാടിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയപ്പോള്‍ ശബരിമലയിലെ ആചാര സംരക്ഷണ പോരാട്ടത്തിന് അത് കരുത്തായി മാറി. അങ്ങനെ 795 കിലോമീറ്റര്‍ ദൂരമാണ് ഭക്തർ അയ്യപ്പജ്യോതിക്ക് വേണ്ടി അണിനിരന്നത്.



വൈകിട്ട് അഞ്ചിനു പൊതു യോഗത്തോടെയാണ് അയ്യപ്പ ജ്യോതിക്ക് നാന്ദി കുറിച്ചത്. തുടർന്ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അയ്യപ്പജ്യോതി സന്ദേശം നൽകി.  ആറ് മണിക്ക് കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിയിച്ചു. ദീപ പ്രഭ അങ്കമാലി വരെ ദേശീയപാതയിലും, തുടർന്ന് എംസി റോഡിലൂടെയുമാണ് കടന്നു പോയത്. തുടർന്ന്  കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 97 കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്.  കളിയിക്കാവിളയില്‍  സുരേഷ് ഗോപി എംപി യാണ് തമിഴ് ഭക്തർക്ക് ദീപം കൈമാറിയത്. ശബരിമല സന്നിധാനത്തും അയ്യപ്പജ്യോതി തെളിച്ചു.



സെക്രട്ടേറിയറ്റിന് മുന്നില്‍ ബി ജെ പി നേതാവും എം.എൽ.എയുമായ  ഒ രാജഗോപാല്‍ ആദ്യ തിരി തെളിയിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍പിള്ള അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കി. സ്വാമി ചിദാനന്ദപുരിയാണ് കോഴിക്കോട് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. ബിജെപി, ശബരിമല കർമ്മ സമിതി നേതാക്കൾക്ക് പുറമെ പിഎസ്​സി മുൻ ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്ണൻ,  മുൻ ഡിജിപി ടിപി സെൻകുമാർ, മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാ ദേവി, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ, പ്രൊഫസർ എൻ സരസു, ഫാദർ ജോസ് പാലപ്പുറം, സംവിധായകൻ അലി അക്ബർ, പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ അയ്യപ്പജ്യോതി തെളിക്കാനെത്തി. വൈകിട്ട് ആറുമുതൽ ഏഴുവരെ സ്ത്രീപുരുഷന്മാർ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മൺചിരാതുകളിലും നെയ്യ് തേങ്ങ കളിലും വിളക്കുകൾ തെളിയിച്ച് ഭക്തിയോടു കൂടി ശരണ മന്ത്രങ്ങൾ മുഴക്കി. ആർ.എസ്.എസ്, എൻ.എസ്.എസ്, സംഘപരിവാർ എന്നീ സംഘടനകൾക്കൊപ്പം പന്തളം രാജകുടുംബാംഗങ്ങളും അയ്യപ്പജ്യോതിയിൽ പങ്കെടുത്തു. അങ്ങനെ ഇത് ആചാര സംരക്ഷണത്തിന് വേണ്ടിയുള്ള ശരണമന്ത്രമായി കേരള കരയാകെ മുഴങ്ങി. അങ്ങനെ ശബരിമല കര്‍മ്മ സമിതിയുടെ കേരളമൊട്ടുക്കുള്ള അയ്യപ്പ ജ്യോതി തെളിയിക്കല്‍ വന്‍ വിജയവുമായി. അതിൽ എനിക്കും പങ്കുചേരാൻ സാധിച്ചു എന്നതിൽ അഭിമാനമുണ്ട്.
അയ്യപ്പ ജ്യോതി തെളിച്ചപ്പോൾ