കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമാണ് ഇത്. കുമാരധാര നദിക്കരയിൽ സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രധാനമായ നാഗക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ കുക്കി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. പൂർണ്ണമായും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒരു ക്ഷേത്രം എന്നു പറയാം. പശ്ചിമ ഘട്ടത്തിലെ മലനിരകളോട് ചേർന്ന് വനങ്ങളും പുഴകളും കുന്നുകളും ഒക്കെ ചേരുന്ന ഒരിടത്താണ് ഈ ക്ഷേത്രമുള്ളത്. പ്രസിദ്ധമായ കുമാരപർവ്വതത്തിൻ്റെയും ശേഷപർവ്വതത്തിൻ്റെയും മദ്ധ്യഭാഗത്തായി ഈ ക്ഷേത്രം നിലകൊള്ളുന്നു. ഭാരതത്തിലെ പ്രസിദ്ധങ്ങളായ 108 ശിവക്ഷേത്രങ്ങളിൽ കുക്കെ ക്ഷേത്രത്തിന് പ്രതേക പ്രധാന്യം തന്നെയുണ്ട്.
ഇവിടെ വച്ചാണ് താരകാസുരനെയും ശുരപത്മനേയും പത്മാസുരനെയും മുരുകൻ സംഹാരം ചെയ്തത്. അസുരന്മാരെ നിഗ്രഹിച്ച ശേഷം തൻ്റെ വേലിനെ കുമാരപർവ്വതത്തിനരികിൽ ഉള്ള നദിയിൽ കൊണ്ട് പോയി ശുദ്ധി ചെയ്തു. അന്നു തൊട്ട് ആ നദി കുമാരധാര എന്ന പേരിലാണ് അറിയപ്പെടുന്നത്. തങ്ങളെ രക്ഷപ്പെടുത്തിയ കുമാരസ്വാമിയെ അവിടുത്തെ ജനങ്ങൾ അവിടെ കുടിയിരുത്തി പ്രാർത്ഥിച്ചു. ആ സമയത്താണ് പക്ഷികളുടെ സംരക്ഷകനായ ഗരുഡനും നാഗരാജാവായ വാസുകിയും തമ്മിൽ ഒരു യുദ്ധം ഉണ്ടായത്. നാഗരാജനെ ആക്രമിക്കാനായി ഗരുഡന്‍ പിന്തുടര്‍ന്നു. വാസുകി ഒരു ഗുഹയിലൊളിച്ചു. സുബ്രഹ്മണ്യ സ്വാമി നാഗരാജാവിന് അഭയം നല്‍കി എന്നതാണ് പ്രതിഷ്ഠയെ സംബന്ധിച്ച മറ്റൊരു ഐതിഹ്യം. ഇവിടെ ശ്രീ സുബ്രഹ്മണ്യ സ്വാമിയും വാസുകിയും കുടികൊള്ളുന്നു. കുക്കി എന്നും സുബ്രഹ്മണ്യ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
ക്ഷേത്ര കവാടത്തിൽ ഒരു ഭീമൻ രഥം ഉണ്ട്. അതിൽ മുരുക കഥകൾ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ കടന്നാൽ നമ്മളെ സ്വാഗതം ചെയ്യുന്നത് വിശാലമായ മണ്ഡപം തന്നെയാണ്. തൊട്ടടുത്ത് കൊടിമരം. കുക്കെ ലിംഗദേവ പ്രതിഷ്ഠയാണ് മറ്റൊരു പ്രത്യേകത. ഒരിക്കൽ കുമാരപർവ്വതത്തിൽ അഗ്നിബാധയുണ്ടായി. അപ്പോൾ അവിടെ ഉണ്ടായിരുന്ന സർപ്പങ്ങളെ മലേക്കുടിയാ എന്ന ആദിവാസി വിഭാഗക്കാർ ഒരു കൂടയിലാക്കി ക്ഷേത്രത്തിൽ എത്തിച്ചു. ആ കൂടയാണ് പിന്നീട് ഈ ലിംഗമായി രൂപം കൊണ്ടത്. കന്നഡ ഭാഷയിൽ കുക്കെ എന്നാൽ കുട്ട എന്നാണർത്ഥം. ലിംഗദേവനെ ആരാധിച്ചിട്ട് ചുറ്റമ്പലത്തിൽ ചുറ്റി വന്നാൽ നമുക്ക് ശ്രീ മുരുകൻ്റെ ശ്രീകോവിലും തൊട്ടടുത്തുള്ള എറുമ്പുകളുടെ പുറ്റും കാണാം. ആദിശേഷന്റെയും വാസുകിയുടേയും മുകളില്‍ മയിലിന്റെ പുറത്ത് ഇരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയായാണ് ഇവിടെത്തെ പ്രതിഷ്ഠ. കടും ചുവപ്പ് റോസാപ്പൂക്കളാലും മുല്ലമാലകളാലും അലംകൃതമായ വിഗ്രഹം കാണാന്‍ കൗതുകം തന്നെയാണ്. ശ്രീകോവിലിനു മുന്‍പില്‍ നില്‍ക്കുമ്പോൾ വളരെ അടുത്തായതിനാല്‍ വിഗ്രഹം വ്യക്തമായി കാണാനാകും. മറ്റൊരു സങ്കൽപ്പം ഇങ്ങനെ ആറു കുക്കി(പാത്രം) നിറയെ ലിംഗങ്ങള്‍ ഇവിടെനിന്നു കണ്ടെത്തിയതുകൊണ്ടാണ് സ്ഥലത്തിന് കുക്കി സുബ്രഹ്മണ്യന്‍ എന്ന പേരു ലഭിച്ചതെന്ന് പറയപ്പെടുന്നു. പ്രധാന ശ്രീകോവിലിനു പുറത്തിറങ്ങിയാല്‍ ഇടതുവശത്തു കാണുന്ന നരസിംഹസ്വാമി സന്നിധി പ്രാധാന്യമുള്ളതാണ്. ഒരു പെട്ടി നിറയെ സാളഗ്രാമങ്ങളും ആരാധിച്ചു വരുന്നു.
ആശ്ലേഷ ബലി
കാലസർപ്പ ദോഷത്തിനു പരിഹാരമായി നടത്തുന്ന ആദിശേഷ ബലി ഇവിടുത്തെ പ്രധാന പൂജകളിലൊന്നാണ്. കുജ ദോഷത്തിൽ നിന്നും ആദിസർപ്പ ദോഷത്തിൽ നിന്നും സംരക്ഷിക്കുന്ന ആളായാണ് സുബ്രഹ്മണ്യനെ ആരാധിക്കുന്നത്. സർപ്പദോഷ പൂജകൾക്ക് ഏറെ പേരുകേട്ട ക്ഷേത്രം കൂടിയാണിത്. ആശ്ലേഷ നക്ഷത്രത്തിലാണ് ആശ്ലേഷ ബലി ഇവിടെ നടത്തുന്നത്.
ആദി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വടക്കേ വാതിൽ കടന്ന് ഇരുന്നൂർ മീറ്റർ നടന്നാൽ മറ്റൊരു ക്ഷേത്രമായ ആദി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എത്താം. തർപ്പണ നദിയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ താരകാസുരനെ നിഗ്രഹിച്ച ബ്രഹ്മഹത്യാ പാപം തീരാന്‍ ഭഗവാന്‍ ശ്രീ സുബ്രഹ്മണ്യന്‍ ഇവിടെ തപസ്സിരുന്നു എന്നാണ് ഐതിഹ്യം. ഇവിടെ ഒരു മൺപുറ്റിനെയാണ് ആരാധിക്കുന്നത്. ഉയര്‍ന്നുനില്‍ക്കുന്ന വലിയ പുറ്റുകളാണ് ഇവിടെ പ്രതിഷ്ഠാ സ്ഥാനത്ത്. നാഗരൂപങ്ങളും കണ്ണാടികളും കാണിക്കയര്‍പ്പിക്കാം. ഈ പുറ്റില്‍നിന്ന് എടുക്കുന്ന മണ്ണാണ് ഇവിടുത്തെ പ്രധാന പ്രസാദം. ഇതിൽ നിന്നും ലഭിക്കുന്ന മണ്ണ് ത്വക്ക് രോഗങ്ങൾ അകറ്റുവാൻ ഉപകരിക്കും എന്നാണ് വിശ്വാസം. നാഗശാന്തി പൂജയും സര്‍പ്പപൂജയുമാണ് പ്രധാന പൂജകള്‍. ഇവിടെ ക്ഷേത്രത്തിനടുത്ത് നദിയിൽ എത്തുന്ന ആളുകൾ കല്ലുകൾ ഒന്നിനു മുകളിൽ ഒന്നായി പെറുക്കി വയ്ക്കും. സ്വന്തമായി വീട് നിർമ്മിക്കുവാനും അതിൻറെ പണി പെട്ടന്ന് പൂർത്തിയാക്കുവാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തു നിന്നുമാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കടുപ്പമേറിയ ട്രക്കിങ്ങിൽ ഒന്നായ കുമാര പർവ്വത ട്രക്കിങ്ങ് ആരംഭിക്കുന്നത്. ബിസ്ലെ റിസര്‍വ്വ് വനത്തിനും കുക്കെ സുബ്രഹ്മണ്യ വനനിരകൾക്കു ഇടയിലൂടെ നടത്തുന്ന സാഹസികമായ ഈ യാത്രയ്ക്ക 21 കിലോമീറ്റർ ദൂരമാണ്.
ക്ഷേത്രത്തില്‍ ഉച്ചയ്ക്കും രാത്രിയിലും സൗജന്യമായി ആയിരക്കണക്കിന് ഭക്തര്‍ക്ക് ഊണ് കൊടുക്കുന്നുണ്ട്. മംഗലാപുരത്തു നിന്ന് 103 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. ബാംഗ്ലൂര്‍ - മംഗലാപുരം റൂട്ടില്‍ ധര്‍മസ്ഥലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.