തമിഴ്നാട്ടിൽ മാർത്താണ്ഡത്തിന് സമീപം തക്കലയ്ക്കടുത്താണ് കേരളപുരം എന്ന ഗ്രാമം. വേണാടിന്റെ തലസ്ഥാനമായിരുന്നു ഈ ഗ്രാമം, വേണാടിന്റെ വലിയ പടത്തലവൻ ഇരവിക്കുട്ടിപ്പിള്ളയുടെ ജന്മദേശം. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ശിവക്ഷേത്രം ഉണ്ട്.
കേരളപുരം മഹാദേവൻ ക്ഷേത്രം
* * * * * * * * * * * * * * * * * * * * * * * *
ഒറ്റ നോട്ടത്തിൽ തന്നെ തിരുവിതാംകൂറിന്റെ സ്വാധീനം പ്രകടമാകുന്ന ഒരു ക്ഷേത്രം. തിരുവിതാംകൂറിന്റെ തനതായ ശില്പചാരുതയിൽ നിർമ്മിച്ചിരിക്കുന്നു. കേരളപുരത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ശിവക്ഷേത്രവും അതിനോടു ചേര്‍ന്ന അതിശയ വിനായകരും ആണ് ഇവിടെത്തെ ദേവൻമാർ. കന്യാകുമാരി ദേവസ്വത്തിന്റെ കീഴിലുള്ള ഈ ക്ഷേത്രം ആവശ്യമായ നവീകരണം ഇല്ലാത്ത നിലയിലാണ്.
ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ കടന്ന് അകത്ത് പ്രവേശിച്ചാല്‍ ഇടതുതിരിയുമ്പോള്‍ അരശ് മരത്തിന് ചുവട്ടിലാണ് അതിശയ വിനായകരുടെ പ്രതിഷ്ഠ. ഇത് ഒരു അത്ഭുത പ്രതിഷ്ഠ ആണ്.
"അതിശയ വിനായക പ്രതിഷ്ഠ"
ചന്ത്രകാന്തകല്ലിൽ തീർത്ത ഈ വിനായക വിഗ്രഹത്തിന്റെ പ്രത്യേകത ഉത്തരായനത്തിലും, ദക്ഷിണായനത്തിലും നിറം മാറുന്നു എന്നുള്ളതാണ്. ഉത്തരായനത്തിൽ (മാർച്ച് - ജൂൺ) കറുപ്പ് നിറത്തിലാകുന്ന വിഗ്രഹം, ദക്ഷിണായനത്തിൽ (ജൂലൈ - ഫിബ്രവരി) വെളുത്ത നിറത്തിലാകും. വിഗ്രഹം കറുപ്പാകുമ്പോൾ പ്രതിഷ്ഠക്കരികിലെ അരയാലിന്റെ ഇലകൾ കറുപ്പ് കലർന്ന പച്ച നിറത്തിലും, വെള്ളയാകുമ്പോൾ ഇലകൾ ഇളം പച്ചയായി മാറുമെന്നും പറയപ്പെടുന്നു. ഇനി ഒന്നുകൂടെയുണ്ട്, ക്ഷേത്ര കിണർ. ക്ഷേത്രക്കിണറിലെ വെള്ളവും ആറു മാസത്തിലൊരിക്കൽ നിറം മാറുമത്രെ. അതായത് പ്രതിഷ്ഠ വെള്ളയാകുമ്പോൾ വെള്ളം കറുക്കുമെന്നും, പ്രതിഷ്ഠ കറുപ്പാകുമ്പോൾ വെള്ളം തെളിയുമെന്നും പറയപ്പെടുന്നു. ഇത് വിരൾ ചൂണ്ടുന്നത് പുകഴ്പെറ്റ തിരുവിതാംകൂറിന്റെ ശില്പകലാ വൈദഗ്ധ്യത്തിലോട്ട് തന്നെയാണ്.
പ്രതിഷ്ഠയെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ.
കേരളപുരം ഭരിച്ചിരുന്ന ഉണ്ണി കേരളവര്‍മ എന്ന രാജാവ് ഒരിക്കല്‍ രാമനാഥപുരം രാജാവിനെ കാണാന്‍ രാമേശ്വരത്ത് പോയി. അവിടെ അഗ്നിതീര്‍ഥത്തില്‍ രാജാവ് സ്‌നാനം ചെയ്യുമ്പോള്‍ കാലില്‍ ഒരു കല്ല് തട്ടി. വെള്ളത്തിനുള്ളില്‍ നിന്ന് കല്ല് പുറത്തെടുത്തപ്പോള്‍ അതിന് വിനായകരുടെ രൂപമുള്ളതായി രാജാവിന് തോന്നി. രാമനാഥപുരം രാജാവിനെ വിവരം അറിയിച്ചപ്പോള്‍ വിനായക രൂപത്തിലെ കല്ല് നാട്ടില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ച് പൂജചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നാട്ടിലെത്തിയ രാജാവ് ശിവക്ഷേത്രത്തില്‍ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്ത് അരശ് മരത്തിന് ചുവട്ടില്‍ പ്രതിഷ്ഠിച്ചു.
ശിവക്ഷേത്രമാണ് കേരളപുരത്തിലെ പ്രധാന ക്ഷേത്രമെങ്കിലും ക്ഷേത്രത്തിനുള്ളിലെ അതിശയ വിനായകരാണ് കേരളപുരത്തിന് ഇപ്പോള്‍ പ്രധാന്യം നേടിക്കൊടുന്നത്.
നടരാജരൂപമാണ് ഉത്സവ മൂർത്തി, മുരുകനും പ്രാധാന്യമുണ്ട്. ഇന്ന് കാണുന്ന ക്ഷേത്രം പണിതത് 1317 ലാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ക്ഷേത്ര പ്രതിഷ്ഠയ്ക്ക് 2300 വർഷത്തെ പഴക്കമെങ്കിലും കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന് തേരോട്ടവും നടക്കാറുണ്ട്. ക്ഷേത്രത്തിന് പുറകിലായി ഒരു മുത്താരമ്മന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.
പദ്മനാഭപുരത്ത് നിന്ന് അക്ഷരപൂജയ്ക്കായി ദേവിയും കൂട്ടരും തിരുവനന്തപുരത്തേക്ക് എഴുന്നള്ളുമ്പോള്‍ കേരളപുരത്ത് എത്തുന്നത് പതിവാണ്. ഉച്ചയൂണിനുശേഷമാണ് കേരളപുരത്ത് നിന്ന് യാത്ര തുടങ്ങുന്നത്. കുമാരസ്വാമിയും മുന്നൂറ്റി നങ്കയും ഈ ശിവക്ഷേത്രത്തിനുള്ളില്‍ ഇരിക്കുമ്പോള്‍ ദേവി ക്ഷേത്രത്തില്‍ കയറാറില്ല. ശിവക്ഷേത്രത്തിന് പിന്നില്‍ അര കിലോമീറ്റര്‍ ദൂരത്തിലുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലാണ് ദേവി വിശ്രമിക്കുന്നത്.
എത്തിച്ചേരാൻ
തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ തക്കല ബസ് സ്റ്റാന്‍ഡിന് തൊട്ടുമുമ്പുള്ള മേട്ടുക്കടയില്‍ നിന്ന് വലത് തിരിഞ്ഞ് ഒരുകിലോമീറ്റര്‍ ദൂരത്തിലാണ് കേരളപുരം ശിവക്ഷേത്രം.