പൊങ്കല്‍


മനുഷ്യനും പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്ന, ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍. അതെ ഇത് തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണ്. മകരയ്ക്കൊയ്ത്ത് കഴിഞ്ഞ് അകവും പത്തായവും നിറയുമ്പോഴാണ് പൊങ്കലിന്‍റെ വരവ്. തൈമാസത്തിന്‍റെ തുടക്കത്തിലാണ് പൊങ്കല്‍. എല്ലാവരും ഏകമനസ്സോടെ ആഘോഷിക്കുന്ന കാര്‍ഷികോത്സവമാണിത്. ‘തൈ പിറന്താൽ വഴിപിറക്കും എന്നാണ‌് തമിഴ‌് പഴഞ്ചൊല്ല‌്’. തൈമാസം പിറന്നാൽ മുന്നിൽ വഴിതെളിയുമെന്നർഥം. നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്.

1. ഒന്നാം ദിവസം :- പോകി പൊങ്കല്‍ (ബോഗി പൊങ്കല്‍)
2. രണ്ടാം ദിവസം :- തൈ പൊങ്കൽ
3. മൂന്നാം ദിവസം :- മാട്ടു പൊങ്കൽ
4. നാലാം ദിവസം :- കാണപ്പൊങ്കല്‍  ( പൂപ്പൊങ്കൽ )

പോകി പൊങ്കല്‍ (ബോഗി പൊങ്കല്‍)
**************************************

വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദിപറയുന്ന ചടങ്ങാണ് പോകി പൊങ്കലിൽ ആദ്യം ചെയ്യുന്നത്. അടുത്തതവണയും നല്ല വിളവുലഭിക്കാൻ പ്രാർഥിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ആടിയറുതിക്ക് നടക്കുന്ന ശുദ്ധീകരണ ചടങ്ങുകള്‍ക്ക് സമാനമാണ് പോകി പൊങ്കല്‍. ' പൊട്ടി പുറത്ത് ശീവോതി അകത്ത്' എന്ന സങ്കല്പമാണ് ഇവിടെയും. ഇതിനൊപ്പം വിടും തൊഴുത്തും വൃത്തിയാക്കി പഴയ വസ്തുക്കളും കരിയിലകളും തൂത്തുപെറുക്കി കത്തിച്ചു കളയുന്നു. അങ്ങനെ പഴയതെല്ലാം പോക്കുന്ന പൊങ്കല്‍ പോകി പൊങ്കല്‍!. എരിക്കില, മാവില, കുരുത്തോല എന്നിവകൊണ്ട് കാപ്പ്കെട്ടി കോലമിട്ട് ലക്ഷീദേവിയെ വരവേൽക്കുന്ന ചടങ്ങോടെയാണ് പൊങ്കലിന് തുടക്കമാകുന്നത്. ചിലര്‍ ഇതിനെ ബോഗി പൊങ്കല്‍ എന്നും പഞ്ഞുവരുന്നു.

തൈ പൊങ്കൽ
******************
രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. അന്ന് പൂജയുണ്ടാകും. വർണാഭമായ കോലം മുറ്റത്തൊരുക്കിയാകും തൈപ്പൊങ്കലിനെ വരവേൽക്കുന്നത്. വീടിനുമുന്നിൽ അടുപ്പുകൂട്ടി പൊങ്കൽ അരി പാലിൽ വേവിച്ച് പായസമുണ്ടാക്കുന്നതും തൈപ്പൊങ്കലിലാണ്. പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കുന്ന ചടങ്ങും നടക്കും.

മാട്ടുപ്പൊങ്കൽ
****************
മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. ഭാരതത്തിൽ നിലനിന്നിരുന്ന മികച്ച കാര്‍ഷിക സംസ്കാരത്തിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ മാട്ടുപ്പൊങ്കൽ. മനുഷ്യനോടൊപ്പം പാടു പെടുന്ന കാലികള്‍ക്കായി ഒരു ഉത്സവം. കർഷകരാണ് ഭക്തി നിർഭരമായി മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു. കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.

 ഇങ്ങനെ അലങ്കരിച്ച‌് കുറിതൊട്ട‌ കന്നുകാലികളെ വയിലിൽ  പ്രത്യേകം കെട്ടിയുണ്ടാക്കുന്ന ചെറിയ കുളത്തിൽ ഓടിക്കും. ഈ സമയത്ത‌് ആളുകൾ കുളത്തിൽ നാണയമിടും. ഇത‌് കന്നുകാലികളെ നോക്കുന്ന തൊഴിലാളികൾക്കുള്ളതാണ‌്.

കാണപ്പൊങ്കല്‍ ( പൂപ്പൊങ്കൽ )
******************
നാലമത്തേത് കാണപ്പൊങ്കല്‍. കാണാനുള്ള ദിവസം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്. ഇത‌് പൂപ്പൊങ്കൽ എന്നും അറിയപ്പെടുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്. ബന്ധുക്കളും സുഹൃത്തുകളും ഒത്തുകൂടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും. മനുഷ്യര്‍ക്കായി, പ്രകൃതിക്കായി മാറ്റിവെച്ച ഒരാഘോഷം. അന്ന് ചോറും തൈരും വാഴയിലയില്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിളമ്പിവെക്കുക പതിവാണ്. ഈ ദിവസത്തോടെ നാലു ദിവസത്തെ പൊങ്കല്‍ ആഘോഷങ്ങള്‍ സമാപിക്കും.

എന്നിങ്ങനെ നാലു ദിവസങ്ങളിലായി പൊങ്കല്‍ കൊണ്ടാടുന്നു. കാളപൂട്ട‌്മത്സരം, കാളവണ്ടിയോട്ട മത്സരം, ജെല്ലിക്കെട്ട‌് എന്നിവ ഈ ദിവസങ്ങളിലാണ‌് നടക്കുന്നത‌്. പ്രകൃതിയും മനുഷ്യരും കൃഷിയും ജീവിതവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് പൊങ്കൽ ആഘോഷം.