മകരച്ചൊവ്വ


കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ വളരെയധികം പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്ന ഒരു അനുഷ്ഠാനമാണ് മകരച്ചൊവ്വ. നവഗ്രഹങ്ങളിൽ ഒന്നായ  ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം.  എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച അതായത് മുപ്പെട്ട് ചൊവ്വ പ്രധാനമാണല്ലോ. ചൊവ്വയുടെ സ്വാധീനശക്തി കൂടുതൽ ഉള്ള മകരമാസത്തിലെ മുപ്പെട്ട് ചൊവ്വ കേരളീയർ ഭക്തിപൂർവം ആചരിക്കുന്നു. ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ്. അതുകൊണ്ട് തന്നെ മുപ്പട്ട് ചൊവ്വാഴ്ച സുബ്രമണ്യ സ്വാമിക്കും ഭദ്രകാളി പ്രീതിക്കും ഏറെ വിശേഷപ്പെട്ടതാണ്.

ഹൈന്ദവ വിശ്വാസപ്രകാരം സംഹാരത്തിന്റെ ദേവതയായാണ് ഭദ്രകാളി അറിയപ്പെടുന്നത്.   ഭഗവതിയുടെ രൗദ്രഭാവമാണ് ഭദ്രകാളി എന്ന് ദേവീമാഹാത്മ്യത്തിൽ പറയുന്നു . സർവ മംഗളങ്ങളും പ്രദാനം ചെയ്യുന്ന മംഗള സ്വരൂപിണിയാണ്. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. സർവചരാചരങ്ങളുടെയും മാതാവായ ദേവി തന്നെയാണ് ഭദ്രകാളി. ദുഷ്ട നിഗ്രഹത്തിനായി അവതരിച്ച രൂപമാണിത്. തന്റെ മക്കൾക്ക് ദോഷം സംഭവിക്കാൻ ഒരമ്മയും ആഗ്രഹിക്കുകയില്ല. ദേവിയുടെ അനുഗ്രഹമുള്ള ഭവനത്തിൽ എപ്പോഴും ഐശ്വര്യം കളിയാടും . ദേവീ പ്രീതിയാൽ ഒരു ദുഷ്ട ശക്തിയും ദോഷങ്ങളും ബാധിക്കുകയുമില്ല .   ഭദ്രകാളി എന്നാൽ ഭദ്രമായ കാലത്തെ നൽക്കുന്നവൾ എന്നർഥം. ഭദ്രകാളീദേവിയോടുള്ള ഉദാത്തമായ ഭക്തി സമ്പത്തും ഐശ്വര്യവും സർവ്വ മംഗളങ്ങളും നേടിതരുമെന്നാണ് വിശ്വാസം.