ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം



ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. കൃഷ്ണദര്‍ശനത്തിനായി ആയിരങ്ങളാണ് പ്രതിവര്‍ഷം ഇവിടെയെത്താറുള്ളത്. ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ഈ രീതിയിലുള്ള ദര്‍ശനം ഭക്തര്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. കനകദാസജാലകമെന്നും ഈ വാതിലിന് വിളിപ്പേരുണ്ട്. ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതികളെല്ലാം കരിങ്കല്ലിലാണ്. ക്ഷേത്രത്തിനു കിഴക്കുഭാഗത്തുള്ള വിശാലമായ കുളവും അതിലെ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉണ്ണികൃഷ്ണനാണ് ഇവിടുത്തേതെന്നാണ് ഭക്തരുടെ വിശ്വാസം. എല്ലാദിവസവും കൃഷ്ണന്റെ രൂപം അണിയിച്ചൊരുക്കും ചിലദിവസങ്ങളില്‍ സ്വര്‍ണാഭരണങ്ങളും ചിലപ്പോള്‍ വജ്രമുള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ പതിച്ച ആഭരണങ്ങളുമാണ് വിഗ്രഹത്തില്‍ അണിയ്ക്കുന്നത്. ഗരുഡന്‍, ഹനുമാന്‍ എന്നിവരുടെ പ്രതിഷ്ഠയുമുണ്ട് ക്ഷേത്രത്തില്‍. 1500 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്രം.

പതിമൂന്നാം നൂറ്റാണ്ടിൽ,  വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു  മധ്വാചാര്യർ  ആണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലേയ്ക്കുള്ള വാതിലിന് ഇടതുവശത്തായി മാധ്വാചാര്യരുടെ പ്രതിമ കാണാം. കിഴക്ക് ഭാഗത്തേക്കാണ് ക്ഷേത്ര ദർശനമെങ്കിലും  കൃഷ്ണ ദർശനത്തിന് തെക്ക് ഭാഗത്തുള്ള "നവഗ്രഹ ദ്വാരവും" ഉണ്ട്. ഇപ്പോൾ അഷ്ടമഠങ്ങളുടെ നിയന്ത്രണത്തിലാണ് ക്ഷേത്രസമുച്ചയം.  പേജാവർ മഠം, പുത്തിഗെ മഠം, പലിമരു മഠം, അഡമരു മഠം, സോധെ മഠം, കണിയൂർ മഠം, ഷിരൂർ മഠം കൃഷ്ണപുര മഠം  എന്നിവയാണ് ഈ എട്ട് മഠങ്ങൾ. ക്ഷേത്തിലെത്തുന്നവർക്കെല്ലാം അന്നദാനം ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തോടനുബന്ധിച്ച് നല്ലൊരു ഗോശാല കൂടിയുണ്ട്. ക്ഷേത്രത്തിലേക്കും ഭക്ഷണശാലയിലേക്കുമുള്ള പാലുൽപന്നങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നു.


ഈ ക്ഷേത്രത്തിലെ ശ്രീ കൃഷ്ണ വിഗ്രഹം പിന്നിലെ നടയിൽ നിന്നാണ് കാണാനാവുക, ഇത് തന്നെയാണ് ക്ഷേത്രത്തിന്റെ പ്രത്യേകതകളിലൊന്നും. കനകദാസ എന്ന താഴ്ന്ന ജാതിയിൽ പെട്ട ശ്രീകൃഷ്ണ ഭക്തൻ കൃഷ്ണനെ കാണുവാൻ വേണ്ടി ക്ഷേത്രത്തിൽ വരുകയും എന്നാൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിക്കാതെ ദുഃഖിക്കുകയും ഉണ്ടായി. അദ്ദേഹം പിന്നീട് കൃഷ്ണഭജന നടത്തിയും കീർത്തനങ്ങൾ രചിച്ചും ക്ഷേത്രത്തിന് തെക്ക് ഭാഗത്ത്  ദീർഘകാലം കഴിഞ്ഞു. ഇദ്ദേഹത്തിന്റെ  കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കീർത്തനം പ്രസിദ്ധമാണ്.  ഈ ഭക്തിയിൽ സംപ്രീതനായ കൃഷ്ണൻ തന്റെ നട പിന്നിലേക്ക് തിരിച്ചു എന്നാണ് പറയപ്പെടുന്നത്. ആ നട കനകന്റെ ജനാല എന്ന് അറിയപ്പെടുന്നു.

ഓരോ രണ്ട് വർഷം കൂടുമ്പോഴും നടക്കുന്ന  പര്യായ ആഘോഷത്തിൽ  ക്ഷേത്രഭരണം അടുത്ത മഠം അധികാരികൾ ഏൽക്കുന്നു.  മകര സംക്രാന്തി,  രഥ സപ്തമി, മാധവ നവമി, ഹനുമാൻ ജയന്തി, ശ്രീകൃഷ്ണ  ജന്മാഷ്ടമി, നവരാത്രി മഹോത്സവം, ദസറ, നരകചതുർദശി, ദീപാവലി, ഗീതാജയന്തി എന്നിവ പ്രധാന ആഘോഷങ്ങളാണ്. ക്ഷേത്രമുറ്റത്തെ ബ്രഹ്മരഥവും രഥോൽസവവും പ്രസിദ്ധമാണ്.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ.

ഉഡുപ്പിയിലെ പ്രധാന ബസ് സ്റ്റാന്റില്‍ നിന്നും 1 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 3 കീലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേയ്ക്ക്. ബസ് സ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേയ്ക്ക് ഓട്ടോറിക്ഷകള്‍ ലഭിയ്ക്കും. കാലത്ത് അഞ്ചു മണി മുതല്‍ വൈകീട്ട് 9.30 വരെയാണ് ക്ഷേത്രത്തിലെ സന്ദര്‍ശന സമയം.