ധർമ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം.




ധർമ്മസ്ഥല കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് . മഞ്ജുനാഥേശ്വര ക്ഷേത്രവും ഗോമടേശ്വര പ്രതിമയുമൊക്കെയാണ് പ്രധാന ആകർഷണങ്ങൾ.

മഞ്ജുനാഥേശ്വര ക്ഷേത്രം

കര്‍ണാടകത്തിലെ നേത്രാവതി നദിയുടെ കരയിലാണ് ധര്‍മ്മസ്ഥല. ഭക്തിനിറഞ്ഞ അന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത. അതിനാൽ തന്നെ ആത്മീയതയുടെ അത്ഭുതം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ധര്‍മ്മസ്ഥല. ഇവിടം ശിവന്റെ അവതാരമായ മഞ്ജു നാഥന്റെ വാസകേന്ദ്രമായാണ് കണക്കാക്കുന്നത്. ധർമ്മസ്ഥല മഞ്ജുനാഥ ക്ഷേത്രം എല്ലാ മതക്കാർക്കും പ്രവേശനമുള്ള ദേവാലയമാണ്. ഹിന്ദു, ജൈന, ദൈവങ്ങളെ ആരാധിക്കുന്നവരാണ് തീർത്ഥാടകരിൽ അധികവും. ക്ഷേത്രം നിൽക്കുന്ന സ്ഥലം പണ്ട് മല്ലരമടി എന്ന ഗ്രാമത്തിലായിരുന്നു. ഇവിടത്തെ സ്ഥാനികൾ ജൈനമതക്കാരായിരുന്നു. കുടുംബനാഥന്റെ പേര് ബീർമണ്ണ പെർഗസെ. ഭാര്യ അമ്മുദേവി. ഇവരുടെ വീടിന്റെ പേര് നെല്യാടി ബീസു. ഇതിനടുത്ത് ആരാധനയ്ക്കായി ഇവർ ഒരു ജൈന ബസദി സ്ഥാപിച്ചു. അതാണ് ചന്ദ്രനാഥ ബസ്ദി.

ഒരിക്കൽ ഈ കുടുംബത്തിൽ ധർമ്മ ദൈവങ്ങൾ മനുഷ്യരൂപത്തിലെത്തി. അതിഥികളാരെന്ന് അറിയില്ലെങ്കിലും പെർഗസെയും ഭാര്യയും അവരെ സൽക്കരിച്ചിരുത്തി. സംതൃപ്തരായ ധർമ്മദൈവങ്ങൾ നെല്യാടി ബീസ് തങ്ങൾക്ക് നൽകാനും നിങ്ങൾ മറ്റൊരു വീട് നിർമ്മിച്ച് താമസിക്കണമെന്നും അഭ്യർത്ഥിച്ചു. ധർമ്മ ദൈവങ്ങൾക്കിരിക്കാൻ ഒരു ഊഞ്ഞാലിട്ടും വിളക്കുവച്ചും ചന്ദനത്തിരി കത്തിച്ചും ആ കുടുംബം നെല്യാടി വീട്ടിൽ ധർമ്മദൈവങ്ങളെ ആരാധിച്ചുപോന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർക്ക് സ്വപ്നദർശനമുണ്ടായി. ധർമ്മദൈവങ്ങൾ തങ്ങൾ കാണിച്ചുതരുന്ന സ്ഥലത്ത് പ്രത്യേക ക്ഷേത്രം നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നാല് ദൈവങ്ങൾക്കുമായി പെർഗസെ ക്ഷേത്രം പണിതു. ദാനധർമ്മാദികൾ നടത്താൻ ബ്രാഹ്മണരെ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു. ആ സമയത്ത് ധർമ്മദൈവങ്ങൾ തങ്ങളുടെ നാഥനായ അന്നപ്പനെ മംഗലാപുരത്ത് കാദ്രിയിലുള്ള മഞ്ജുനാഥന്റെ ലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിക്കാൻ നിർദ്ദേശിച്ചു. അങ്ങനെ ലിംഗം കൊണ്ടുവന്ന് ഇന്ന് കാണുന്ന ക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചെന്ന് വിശ്വസിക്കപ്പെടുന്നു.


സ്വർണ്ണത്തിൽ പൊതിഞ്ഞ ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ദിനംപ്രതി പതിനായിരക്കണക്കിനു ഭക്തജനങ്ങൾ ഈ ക്ഷേത്രസന്നിധിയിൽ എത്തി ഭഗവാനെ തൊഴുതു സന്തുഷ്ടരായി മടങ്ങുന്നു. ശിവന്റെ അവതാരമായ മഞ്ജുനാഥന്റെ വാസസ്ഥാനമാണ് ഈ ക്ഷേത്രം. 800 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തെ ആത്മീയതയുടെ അത്ഭുതം എന്നാണ് വിശേഷിപ്പിക്കാറുള്ളത്.  ജൈന മതത്തിൽ പെട്ടവരാണ് ഈ ക്ഷേത്രനടത്തിപ്പുകാർ. ഇവിടെ എത്തിച്ചേരുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകുന്നു എന്നുള്ളത് മഹത്തരമായ ഒരു കാര്യമാണ്. അന്നപൂർണ്ണ ഹാളിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിനു സമീപമായി പഴയ വിമാനങ്ങളും ഏതാനും ദ്രവിച്ചു തുടങ്ങിയ രഥങ്ങളും സന്ദർശകരെ സ്വീകരിക്കാനായി കാത്തിരുപ്പുണ്ട് . അൽപ്പം അകലെയായി മഞ്ജുനാഥ മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. 10 രൂപ ടിക്കറ്റ് വാങ്ങി ഉള്ളിൽ പ്രവേശിച്ചാൽ  അവിടെ നമ്മെ കാത്തിരിക്കുന്ന ധാരാളം കാഴ്ച്ചകൾ കാണാൻ സാധിക്കും.