തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടു.
മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്. ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട് മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക് നിത്യവും ലഭ്യമാകണമെന്ന് മുനി പ്രാർഥിച്ചു. തന്നോട് അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന് ബാലൻ സമ്മതിക്കുകയും ചെയ്തു.പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത് അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട് ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട് അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു. ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു. അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻ കാട്ടിലേക്ക് വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക് പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭ സ്വാമി പള്ളി കൊള്ളുന്ന ദൃശ്യം ദർശനം ലഭിക്കുകയും ചെയ്തു.മുനി പിന്നീട് ഭഗവദ് ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ് തിരുവല്ലത്തും, പാദങ്ങൾ തൃപ്പാപ്പൂരും, ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഇന്ന് മൂന്നിടത്തും ക്ഷേത്രങ്ങളുണ്ട്. ഭഗവദ്സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലിപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന് പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയെന്നു ഐതിഹ്യം പറയുന്നു.. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലുള്ള അനന്തപുര തടാകക്ഷേത്രം ആണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്.
108 ദിവ്യദേശങ്ങളിലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദർശനമായാണ്. കിഴക്കുഭാഗത്തുള്ള വലിയ ഗോപുരം തമിഴ് ശൈലിയിലും മറ്റു ഗോപുരങ്ങൾ കേരളീയശൈലിയിലും നിർമ്മിച്ചിരിയ്ക്കുന്നു. വടക്കുകിഴക്ക് പത്മതീർത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവർച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കൽപ്പുരയില്ല. ശ്രീകോവിൽ ദീർഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശർക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങൾ കൊണ്ടും നിർമ്മിച്ച പതിനെട്ടടി നീളമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദർശനമായി ശ്രീകോവിലിൽ വാഴുന്നു. രണ്ടരികത്തും ഭൂമീദേവിയും ലക്ഷ്മിദേവിയുമുണ്ട്.
പത്മനാഭ പ്രതിഷ്ഠ
അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്.ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട് ദേവന്റെ മൂർധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തന്റെ മുകളിൽ പള്ളികൊള്ളുന്ന തേവർ കുടികൊള്ളുന്ന ദേശത്തിനു തിരുവനന്തപുരം എന്നപേരും ലഭിച്ചു.
പത്മതീർത്ഥക്കുളം
കിഴക്കേ കോട്ടയ്ക്കകത്തെ പുണ്യതീർത്ഥമാണ് പത്മതീർത്ഥക്കുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീർത്ഥം സ്ഥിതി ചെയ്യുന്നത്.