പുനഃ പ്രതിഷ്ഠയുടെ സൗന്ദര്യത്തിൽ കുളത്തൂർ ഫണമുഖത്തമ്മ


കഴിഞ്ഞ 6 വർഷക്കാലമായി നടന്നു വരുന്ന കുളത്തൂർ ഫണമുഖത്ത് ദേവീ ക്ഷേത്ര പുനർ നിർമ്മാണ പ്രവർത്തനം അതിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേർന്നു. ശ്രീകോവിലിന്റെയും നമസ്കാരമണ്ഡപത്തിന്റെയും പണി കൃഷ്ണശിലയിലും തേക്കിൻ തടിയിലും ആണ് നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ മേൽകൂര ചെമ്പുതകിടു കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ശ്രീകോവിലിന് ചുറ്റും തേക്കിൻ തടിയിൽ ആദിപരാശക്തിയുടെ ഒരോ അവതാരങ്ങളുടെയും ചിത്രങ്ങളും നാമവും അതിമനോഹരമായി കൊത്തിവച്ചിരിക്കുന്നു. അങ്ങനെ ശ്രീകോവിലിന് ചുറ്റുമായി അൻപത്തൊന്ന് അക്ഷര ദേവതകളുടെ സാന്നിധ്യം കൊണ്ടും സരസ്വതി ദേവിയുടെ കൃപാകടാക്ഷം കൊണ്ടും പ്രസിദ്ധമായ  കേരളത്തിലെ ഏക ഭദ്രകാളി മുടിപ്പുര എന്ന സ്ഥാനം കൂടി വന്നു ചേർന്നിരിക്കുന്നു നമ്മുടെ കുളത്തൂർ ഫണമുഖത്ത് ദേവി ക്ഷേത്രത്തിന്.

കുളത്തൂർ ശ്രീ ഫണമുഖത്ത് ദേവീ ക്ഷേത്രം


2017 ഫെബ്രുവരി മാസം രണ്ടാം തിയതി രാവിലെ 2.40 ന് രേവതി നാളിൽ ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ പീഠ പ്രതിഷ്ഠ നടന്നു.


ഫെബ്രുവരി രണ്ടാം തിയതി രാവിലെ 9.15 ന് മേൽ ദേവീ വിഗ്രഹങ്ങൾ പുനർനിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ ക്ഷേത്രത്തിനുള്ളിലേയ്ക്ക് എഴുന്നെള്ളിച്ച് ആനയിക്കുന്നു. ദേവിമാർ ക്ഷേത്രത്തിനുള്ളിൽ എഴുന്നെള്ളിയ ശുഭ മുഹൂർത്തത്തിൽ രണ്ട് കൃഷ്ണപരുന്തുകൾ ആകാശത്ത് വട്ടമിട്ട് പറന്ന് കൊണ്ടേയിരുന്നു.





തുടർന്ന് ഉപദേവതകളായ ഗണപതി-ശിവ, മന്ത്ര മൂർത്തി ദേവകൾക്കായി പണി കഴിപ്പിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠയും നടന്നു. തുടർന്ന് കുംഭാഭിഷേകവും നടന്നു.



അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്ക് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി തിരുമനസ്സ് കൊണ്ട് കുളത്തൂർ ഫണമുഖത്ത് ദേവീക്ഷേത്രം നാടിന് സമർപ്പിച്ചു. ഈ മംഗളകർമ്മത്തിൽ പങ്കെടുക്കാൻ ഈ നാട്ടിലെ എല്ലാ ദേവീ ഭക്തരും ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു.



19 അം നൂറ്റാണ്ടിൽ ചെറിയ ക്ഷേത്രത്തിൽ അലംകൃതയായ ദേവി ഇപ്പോൾ ഈ 20 ആം നൂറ്റാണ്ടിന്റെ ആദ്യദശയിൽ തന്നെ  മട്ടും ഭാവവും മാറി പുനഃ പ്രതിഷ്ഠയിൽ കൂടുതൽ ശക്തിസ്വരൂപിണിയായി മാറിയിരിക്കുകയാണ്...... ഈ പുനഃ പ്രതിഷ്ഠയിൽ വിളങ്ങുന്ന ദേവീ ചൈതന്യത്തെ എത്ര വർണിച്ചാലും വാക്കുകൾക്ക് അതീതമേ ആകൂ...... ആശ്രീത ലക്ഷങ്ങൾക്ക് അഭയമരുളി പരമോദാരകൃപാവർഷിയായി സർവ്വമംഗള മംഗല്യയും സർവ്വാർദ്ധ സാധികയുമായ കുളത്തൂർ ഫണമുഖത്തമ്മ ഭക്തജനങ്ങൾക്ക് അനുഗ്രഹ ആശിസുകൾ ചൊരിഞ്ഞു നൂറ്റാണ്ടുകളായി വിരാജിക്കുകയാണ്. അതെ ഫണമുഖത്തമ്മ ഈ കുളത്തൂർ ദേശത്തിന്റെ പുണ്യമാണ്....



                     ഓം ശ്രീ ഫണമുഖത്തമ്മേ ശരണം....