ശ്രീ ലളിതാ സഹസ്രനാമം ഭാഗം :- 03

മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ്‌ മന്ത്രങ്ങൾ. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത്‌ പരമാത്മാവിന്റെയോ അതിന്റെ ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്‌. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാദരൂപമാണ് മന്ത്രങ്ങൾ.

ഏത്‌ മന്ത്രത്തിനും ഋഷി, ദേവതാ, ഛന്ദസ്‌ എന്നിവയുണ്ട്‌. മന്ത്രം ആദ്യമായി ദർശിച്ച ഗുരുവാണ്‌ ഋഷി. മന്ത്രത്തിലൂടെ ഭജിക്കപ്പെടുന്നത്‌ ഏതു ശക്തിയാണോ അതു ദേവത, ഉച്ചാരണരീതി അഥവാ വൃത്തം വ്യക്തമാക്കുന്നത്‌ ഛന്ദസ്‌. ശ്രീ ലളിതാ സഹസ്രനാമത്തിലെ ഋഷി, ദേവതാ, ഛന്ദസ് എന്നിവ താഴെ നൽകുന്നു.

👉 ഋഷി :- ഇവിടെ മന്ത്രം രചിച്ചത് സാക്ഷാൽ വശിന്യാദി വാക്ദേവതകൾ തന്നെയാണ്. ( വാഗിനി, കാമേശി, മേദിനി വിമലാ, അരുണ, ജയിനി, സര്‍വ്വേശ്വരി കൗളിനി )

👉 ഛന്ദസ് :- അനുഷ്ടുപ്പ് ഛന്ദസ്സ്. ( ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ്. ഒരു ശ്ലോകത്തിലെ എല്ലാ പാദത്തിലും 8 അക്ഷരങ്ങൾ വരുന്നതാണ് അനുഷ്ടുപ്പ് ഛന്ദസ്സ്. )

👉 ദേവത :- ആദിപരാശക്തിയായ ശ്രീ ലളിതാപരമേശ്വരി.

മന്ത്രത്തിൽ അടങ്ങുന്ന അക്ഷരങ്ങളുടെ സംഖ്യയനുസരിച്ച്‌ മന്ത്രങ്ങൾക്ക്‌ പേരുകൾ നൽകുന്നു. ഒരു അക്ഷരം ഉള്ളത് ഏകാക്ഷരി, രണ്ട് അക്ഷരം ദ്വയാക്ഷരി, മൂന്ന് അക്ഷരം ത്രയാക്ഷരി, തുടങ്ങി 16 അക്ഷരങ്ങൾ വരെയുള്ള ഷോഢശാക്ഷരി മന്ത്രങ്ങൾ വരെ ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്നു. ഇതിലെ ഒട്ടുമിക്ക മന്ത്ര സംഖ്യകളുടെ കൂട്ടും ശ്രീ ലളിതാ സഹസ്രനാമത്തിൽ കാണാൻ സാധിക്കുന്നു.

👉 ഒരു അക്ഷരം ഉള്ള ഏകാക്ഷരി മന്ത്രങ്ങൾ :- 3 എണ്ണം.

👉 രണ്ട് അക്ഷരങ്ങൾ ഉള്ള ദ്വയാക്ഷരീ മന്ത്രങ്ങൾ :- 72 എണ്ണം.

👉 മൂന്ന് അക്ഷരങ്ങൾ ഉള്ള  ത്രയാക്ഷരീ മന്ത്രങ്ങൾ :- 139 എണ്ണം.

👉 നാല് അക്ഷരങ്ങൾ ഉള്ള  ചതുരാക്ഷരീ മന്ത്രങ്ങൾ :- 281 എണ്ണം.

👉 അഞ്ച് അക്ഷരങ്ങൾ ഉള്ള പഞ്ചാക്ഷരീ മന്ത്രങ്ങൾ :- 120 എണ്ണം.

👉 ആറ് അക്ഷരങ്ങൾ ഉള്ള ഷഡക്ഷരീ മന്ത്രങ്ങൾ :- 58 എണ്ണം.

👉 ഏഴ് അക്ഷരങ്ങൾ ഉള്ള സപ്താക്ഷരീ മന്ത്രങ്ങൾ :- 2 എണ്ണം.

👉 എട്ട് അക്ഷരങ്ങൾ ഉള്ള അഷ്ടാക്ഷരീ മന്ത്രങ്ങൾ :- 240 എണ്ണം.

👉 പത്ത് അക്ഷരങ്ങൾ ഉള്ള ദശാക്ഷരീ മന്ത്രങ്ങൾ :- 7 എണ്ണം.

👉 പതിനൊന്ന് അക്ഷരങ്ങൾ ഉള്ള ഏകാദശാക്ഷരീ മന്ത്രങ്ങൾ :- 3 എണ്ണം.

👉 പന്ത്രണ്ട് അക്ഷരങ്ങൾ ഉള്ള ദ്വാദശാക്ഷരീ മന്ത്രങ്ങൾ :- 3 എണ്ണം.

👉 പതിനാറ് അക്ഷരങ്ങൾ ഉള്ള ഷോഢശാക്ഷരി മന്ത്രങ്ങൾ :- 72 എണ്ണം.

ഇങ്ങനെ ആകെ മൊത്തം മഹാത്രിപുരസുന്ദരിയുടെ മഹിമ വർണ്ണിക്കുന്ന 1000 മഹാമന്ത്രങ്ങൾ ചേർന്ന ഒരു ഒറ്റമൂലിതന്നെയാണ് ശ്രീ ലളിതാസഹസ്രനാമം.