*അസ്യ ശ്രീ ലളിതാസഹസ്രനാമ സ്തോത്രമഹാമന്ത്രസ്യ*
*വശിന്യാദി വാഗ്ദേവതാ ഋഷയഃ*
*അനുഷ്ടുപ്ച്ഛന്ദഃ*
*ശ്രീ ലളിതാപരമേശ്വരീ ദേവതാ*
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഏതൊരു മന്ത്രം ചൊല്ലുമ്പോഴും ആദ്യം നാം ആ മന്ത്രത്തിൻ്റെ ഋഷിയെയും ആ മന്ത്രത്തിൻ്റെ ഛന്ദസിനെയും ദേവതയെയും സ്മരിക്കണം.
👉 അസ്യ ശ്രീ ലളിതാസഹസ്രനാമ സ്തോത്രമഹാമന്ത്രസ്യ :- ശ്രീ ലളിതാസഹസ്രനാമം സ്തോത്രം എന്ന മഹാ മന്ത്രത്തിൻ്റെ എന്നാണ് ഇതിന് അർത്ഥം.
👉 വശിന്യാദി വാഗ്ദേവതാ ഋഷയഃ :- ഇവിടെ ഋഷയഃ എന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് ഋഷി എന്നതിൻ്റെ ബഹുവചന രൂപത്തിൽ. ഈ മന്ത്രം രചിച്ചത് ഒന്നിൽ കൂടുതൽ ഋഷിമാർ ചേർന്നാണ് എന്ന് സാരം. വശിന്യാദി വാഗ്ദേവതാ വശനി തുടങ്ങിയിട്ടുള്ള വാഗ്ദേവതമാരാണ് ഈ മഹാന്ത്രത്തിൻ്റെ ഋഷിമാർ. വാഗിനി, കാമേശി, മേദിനി വിമലാ, അരുണ, ജയിനി, സര്വ്വേശ്വരി കൗളിനി എന്നീ എട്ട് വാഗ്ദേവിമാര്. അവരെയാണ് ആദ്യം നാം സ്മരിക്കേണ്ടത്. അവരെ നാം നമ്മുടെ ശിരസിനു മുകളിൽ മദ്ധ്യത്തിലായി സങ്കല്പിച്ച് സ്മരിക്കുക.
👉 അനുഷ്ടുപ്ച്ഛന്ദഃ :- അടുത്തതായി നാം സ്മരിക്കേണ്ടത് ഈ മന്ത്രത്തിൻ്റെ ശബ്ദ സ്പന്ദനത്തെയാണ്. അതായത് ഛന്ദസിനെ (വൃത്തത്തെ). ഇവിടെ അനുഷ്ടുപ് എന്ന ഛന്ദസാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഛന്ദസിനെ മുഖത്തെ മേൽ ചുണ്ടിന് മുകളിലായി സ്മരിക്കണം.
👉 ശ്രീ ലളിതാപരമേശ്വരീ ദേവതാ :- ഋഷിമാരെ സ്മരിച്ചു കൊണ്ട് അനുഷ്ടുപ്ച്ഛന്ദസിൽ ചൊല്ലുന്ന ഈ സ്തോത്രം ഏത് ദേവതക്ക് വേണ്ടിയാണോ ആദേവതയെ ആണ് നാം അടുത്ത് സ്മരിക്കേണ്ടത്. ഇവിടെ ത്രിപുരസുന്ദരിയായ ശ്രീ ലളിതാപരമേശ്വരിയെ നമ്മുടെ ഹൃദയ പത്മത്തിൽ സങ്കല്പിച്ച് സ്മരിക്കുക.
അങ്ങനെ ദേവിയുടെ സമ്പുർണ്ണ ഭാവത്തെ മനസ്സിലാക്കി കൊണ്ട് അടുത്ത് ധ്യാന ശ്ലോകത്തിലേക്ക് കടക്കാവുന്നതാണ്.
*ധ്യാന ശ്ലോകം*
.............................
ഇവിടെ ദേവിയുടെ നാല് ഭാവത്തിലുള്ള ധ്യാനമാണ് ഉള്ളത്. എല്ലാ ധ്യാനത്തിലും ശ്രീ ലളിതാപരമേശ്വരി എന്ന ഭാവം വരുമെങ്കിലും. അതിൻ്റെ പൂർണ്ണ ഭാവം നമ്മുക്ക് കാണാൻ സാധിക്കുന്നത് നാലമത്തെ മന്ത്രത്തിലാണ്. ഈ നാല് ധ്യാന ശ്ലോകങ്ങളും ചൊല്ലാം അല്ലങ്കിൽ ഏതെങ്കിലും ഒന്ന് ചൊല്ലിയാലും മതി. തൊഴുകൈകളോടെ അർത്ഥം അറിഞ്ഞ് വേണം ചൊല്ലാൻ. ധ്യാന മന്ത്രങ്ങളുടെ വാക്കുകളിലല്ല പ്രധാന്യം ആ ധ്യാനത്തിലൂടെ കാണുന്ന ദേവതാരുപത്തിനാണ് പ്രധാന്യം.
ധ്യാനം-1
.................
*സിന്ദൂരാരുണവിഗ്രഹാം ത്രിണയനാം* *മാണിക്യമൌലിസ്ഫുരത്താരാനായക ശേഖരാം*
*സ്മിതമുഖീമാപീനവക്ഷോരുഹാം*
*പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോൽപലം ബിഭ്രതീം*
*സൌമ്യാം രത്നഘടസ്ഥരക്തചരണാം*
*ധ്യായേത് പരാമംബികാം.*
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
സിന്ദൂരമാകുന്ന പ്രഭാത സൂര്യൻ്റെ നിറത്തോടു കൂടിയും, മൂന്ന് കണ്ണുകളോട് കൂടിയും ശിരസിൽ രത്നങ്ങൾ പതിപ്പിച്ച കിരിടവും അതിലെ ചന്ദ്രക്കലയും അണിഞ്ഞ, സദാ പുഞ്ചിരിക്കുന്ന മുഖത്തോട് കൂടിയും ഉയർന്ന് തടിച്ച മാറിടവും ഒരു കൈയിൽ വണ്ടുകളാൽ മൂടിയിരിക്കുന്ന രത്നകുടവും മറ്റൊരു കൈയിൽ ചെന്താമരയും അണിഞ്ഞ് രക്തവർണ്ണമായ രണ്ട് പാദങ്ങൾ ഒരു രത്നകുടത്തിന് ഉള്ളിൽ വച്ചിരിക്കുകയും ചെയ്യുന്ന ദേവിയെ (അംബികയെ) ധ്യാനിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പദങ്ങളുടെ അർത്ഥം
🔅🔅🔅🔅🔅🔅🔅🔅
*സിന്ദൂരാരുണവിഗ്രഹാം*
👉 സിന്ദൂരം :- ചുവപ്പ്
👉 അരുണൻ :- പ്രഭാത സൂര്യൻ്റെ നിറം ( സൂര്യൻ്റെ തേരാളിയായ അരുണൻ്റെ നിറം)
👉 വിഗ്രഹാം :- വിഗ്രഹം, രൂപം
*അമ്മയുടെ ശരീരത്തിന് പ്രഭാത സൂര്യൻ്റെ ചുവപ്പ് നിറമാണ്.*
*ത്രിണയനാം*
👉 ത്രി :- മൂന്ന്
👉 നയനം :- കണ്ണ്.
👉 നയനാം :- കണ്ണുകൾ
*അമ്മയ്ക്ക് മൂന്ന് കണ്ണുകൾ ആണ് ഉള്ളത്.*
*മാണിക്യമൌലിസ്ഫുരത്താരാനായക ശേഖരാം*
👉 ശേഖരാം :- ശേഖരിച്ച് വച്ചവൾ
👉 താരനായക :- നക്ഷത്രത്തിൻ്റെ നായകനെ (ചന്ദ്രൻ)
👉 സ്ഫുരത് :- നല്ല പ്രകാശമുള്ള
👉 മൗലി :- ശിരസ്സിൽ
👉 മാണിക്യം :- നവരത്നങ്ങളിൽ ഒരു രത്നം.
*അമ്മ മാണിക്യം കൊണ്ട് തീർത്ത കിരീടം ശിരസ്സിൽ അണിഞ്ഞിരിക്കുന്നു. അതിൽ നല്ല പ്രകാശമുള്ള ചന്ദ്രകലയും ഉണ്ട്.*
*സ്മിതമുഖീമാപീനവക്ഷോരുഹാം*
👉 സ്മിതമുഖി :- പുഞ്ചിരിക്കുന്ന മുഖം.
👉 ആപീനം :- തടിച്ച് ഉയർന്നത്.
👉 വക്ഷോരുഹം :- മാറിടം.
*അമ്മയ്ക്ക് പുഞ്ചിരിക്കുന്ന മുഖവും തടിച്ച് ഉയർന്ന മാറിടവുമാണ് ഉള്ളത്.*
*പാണിഭ്യാമളിപൂർണ്ണരത്നചഷകം*
👉 പാണി :- കൈ
👉 പാണിഭ്യാം :- കൈകളിൽ
👉 രത്നചഷകം :- രത്നത്തിൻ്റെ പാത്രം.
👉 പൂർണ്ണം :- നിറഞ്ഞിരിക്കുന്നു.
👉 അളി :- വണ്ട്
*അമ്മയുടെ ഒരു കൈയിൽ വണ്ടുകളാൽ നിറഞ്ഞിരിക്കുന്ന ഒരു രത്നപാത്രമാണ് ഉള്ളത്. വണ്ടുകൾ നിറഞ്ഞിരിക്കണമെങ്കിൽ അതിനുള്ളിൽ മധു തന്നെയാകണം.*
*രക്തോൽപലം ബിഭ്രതീം*
👉 രക്തോൽപലം :-ചെന്താമര
👉 ബിഭ്രതീം :- വഹിച്ചിരിക്കുന്നു.
*അമ്മയുടെ മറുകൈയിൽ ചെന്താമരയും വഹിച്ചിരിക്കുന്നു.*
*സൌമ്യാം രത്നഘടസ്ഥരക്തചരണാം*
👉 സൌമ്യാം :- സൗമ്യഭാവത്തിൽ
👉 രത്നഘടസ്ഥം :- രത്ന കുടം.
👉 രക്തചരണാം :- രക്തത്തിൻ്റെ നിറത്തോട് കൂടിയ പാദങ്ങൾ
*സൗമ്യ ഭാവത്തിൽ ഇരിക്കുന്ന അമ്മയുടെ രക്തവർണ്ണത്തിലുള്ള കാലുകൾ രത്ന കുടത്തിനുള്ളിൽ ഇറക്കി വച്ചിരിക്കുന്നു.*
*ധ്യായേത് പരാമംബികാം.*
👉 ധ്യായേത് :- ധ്യാനിക്കുന്നു.
*പരാമംബികായെ ധ്യാനിക്കുന്നു*.