സപ്തർഷികൾ



ഒരു ഋഷി ഗണം. ഇതിൽ ഏഴ് ഋഷികൾ ഉൾപ്പെടുന്നു. ഓരോ മന്വന്തരത്തിലും ഉള്ള സപ്തർഷികൾ വിഭിന്നരാണ്. ഒരു മഹാപ്രളയത്തിനിടയിൽ 14 മന്വന്തരങ്ങൾ ഉണ്ട്. അതിനാൽ ഇത്രയും സമയത്തിനുള്ളിൽ 98 സപ്തർഷികൾ ജനിച്ച് അന്തരിക്കും. ഇപ്പോഴത്തെ മന്വന്തരത്തിൽ ഉള്ള സപ്തർഷികളാണ് മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു, വസിഷ്ഠൻ. ഇവർ ബ്രഹ്മാവിൻ്റെ മാനസപുത്രന്മാരാണ്.

01. മരീചി

ബ്രഹ്മാവിൻ്റെ മനസ്സിൽ നിന്നും ജനിച്ച ഒരു മഹർഷി. ഇദ്ദേഹം സൃഷ്ടി കർമ്മങ്ങളിൽ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച ഇരുപത്തിയൊന്ന് പ്രജാപതികളിൽ ഒരാളാണ്. ഇദ്ദേഹത്തിന് കല, ഊർണ്ണ, സംഭൂതി, ധർമ്മവ്രത തുടങ്ങിയ നാല് ഭാര്യമാർ ഉണ്ടായിരുന്നു. ഇവരിൽ ധാരാളം പുത്രന്മാരും ജനിച്ചു. സകല ജീവജാലങ്ങളുടെയും പിതാവഹനായ കശ്യപൻ മരീചി പുത്രനാണ്.

02. അംഗിരസ്സ്

ബ്രഹ്മാവിൻ്റെ മനസ്സിൽ നിന്നും ജനിച്ച ഒരു മഹർഷി. ഇദ്ദേഹം സൃഷ്ടി കർമ്മങ്ങളിൽ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച ഇരുപത്തിയൊന്ന് പ്രജാപതികളിൽ ഒരാളാണ്.അഥർവ്വവേദത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ് അംഗിരസ്സ് എന്ന് ഹിന്ദു ധർമ്മശാസ്ത്രം വിശ്വസിക്കുന്നു. പിതൃക്കളുടെയും  ദേവൻമാരുടെയും പുരോഹിതൻ. ദക്ഷപുത്രിമാരായ ശിവ, സ്മൃതി, ശ്രദ്ധ, സ്വധ എന്നിവർ ഇദ്ദേഹത്തിന്റെ ഭാര്യമാരാണ്. ശുഭ എന്നൊരു ഭാര്യയിലുണ്ടായ സന്താനങ്ങളത്രേ ബൃഹസ്പതി എന്ന പുത്രനും ഭാനുമതി, രാഗ, സിനീവാലി, അർച്ചിഷ്മതി, ഹവിഷ്മതി, മഹിഷ്മതി, മഹാമതി, കുഹു എന്ന എട്ടുപുത്രിമാരും. ഉതഥ്യൻ, മാർക്കണ്ഡേയൻ എന്നു രണ്ടു പുത്രൻമാർ കൂടി അംഗിരസ്സിനുണ്ടായിരുന്നതായി പുരാണങ്ങളിൽ കാണുന്നു. 

03. അത്രി

ബ്രഹ്മാവിൻ്റെ കണ്ണിൽ നിന്നും ജനിച്ച ഒരു മഹർഷി.  വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച 21 പ്രജാപതിമാരിൽ ഒരാൾ. സപ്തർഷികളിലൊരാൾ. ലോകത്തിന് ആധാരമായ അഷ്ടപ്രകൃതികളിലൊന്ന്. ഇദ്ദേഹം വേദസൂക്തങ്ങളുടെ കർത്താവാണ്. ഋഗ്വേദം അഞ്ചാം മണ്ഡലം ഇദ്ദേഹം രചിച്ചുട്ടുള്ളതാണ്. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ പറയുന്നു.

04. പുലസ്ത്യൻ

ബ്രഹ്മാവിൻ്റെ മനസ്സിൽ നിന്നു ജനിച്ചു എന്നും കർണ്ണങ്ങളിൽ നിന്നും ജനിച്ചു എന്നും പുരാണങ്ങളിൽ രണ്ട് അഭിപ്രായം കാണാം. വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച 21 പ്രജാപതിമാരിൽ ഒരാൾ. സപ്തർഷികളിലൊരാൾ. ലോകത്തിന് ആധാരമായ അഷ്ടപ്രകൃതികളിലൊന്ന്. ഇദ്ദേഹത്തിന് പ്രീതി, ഹവിർഭു, സസ്യ, പ്രതിചി എന്നീ ഭാര്യമാർ ഉണ്ടായിരുന്നു. വിശ്രവസ്സ് ഇദ്ദേഹത്തിൻ്റെ പുത്രമാരിൽ ഒരാളാണ്. ബുദ്ധിമാനായ പുലസ്ത്യമുനിയിൽ നിന്നും രാക്ഷസന്മാരും, വാനരമാരും, കിന്നരമാരും, യക്ഷന്മാരും ഉണ്ടായി. ഇദേഹം ബ്രഹ്മസഭയിൽ സ്ഥിതി ചെയ്ത് ബ്രഹ്മാവിനെ ഉപാസിക്കുന്നു. ഇദേഹത്തെ ബ്രഹ്മർഷി, ബ്രഹ്മയോഗി, വിപ്രഷി തുടങ്ങിയെ പേരുകളിൽ അറിയപ്പെടുന്നു.

05. പുലഹൻ

ബ്രഹ്മാവിൻെറ നാഭിയിൽ നിന്നുമാണ് പുലഹൻെറ ജനനം. സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച 21 പ്രജാപതികളിൽ ഒരാളാണ്. ലോകത്തിന് ആധാരമായ അഷ്ടപ്രകൃതികളിലൊന്ന്. ഇദ്ദേഹം ബ്രഹ്മാവിൻ്റെ ഉപാസകനാണ്. ക്ഷമയാണ് ഉദ്ദേഹത്തിൻ്റെ ഭാര്യയുടെ നാമം. ഇദ്ദേഹത്തിൽ നിന്നുമാണ് സിംഹങ്ങൾ, കിംപുരുഷന്മാർ, വ്യാഘ്രങ്ങൾ, ആടുകൾ, ചെന്നായ് എന്നിവ ജനിച്ചത്. ഇദേഹം ഇന്ദ്രസഭയിലെ ഒരു സാമാജികനാണ്. ഗംഗാ നദിയുടെ പോഷകനദിയായ അളകനന്ദയുടെ തീരത്താണ് ഇദ്ദേഹം തപസ്സ് ചെയ്യുന്നത്.

06. ക്രതു

ബ്രഹ്മാവിൻെറ കൈകളിൽ നിന്നുമാണ് 21 പ്രജാപതികളിൽ ഒരാളായ ക്രതുവിൻെറ ജനനം. ബാലഖില്യന്മാർ എന്ന് വിളിക്കുന്ന മഹർഷിമാർ ക്രതുവിൻ്റെ പുത്രന്മാരാണ്. ശിവൻ്റെ അനുഗ്രഹം കൊണ്ട് ഉദ്ദേഹത്തിന് ആയിരം പുത്രന്മാർ ലഭിച്ചു. ഇദേഹം ഇന്ദ്രൻ്റെയും ബ്രഹ്മാവിൻ്റെയും സദസ്സിൽ ശോഭിച്ചിരുന്നു.


07. വസിഷ്ഠൻ

ബ്രഹ്മാവിന്റെ മാനസപുത്രന്മാരാൽ ഒരാൾ ആണ് വസിഷ്ഠൻ. വസിഷ്ഠന് മുന്ന് ജന്മങ്ങൾ ഉണ്ടായിരുന്നു.

ഒന്നാം ജന്മം :- ബ്രഹ്മദേവൻ്റെ പ്രാണനിൽ നിന്നും ജനിച്ചു. അരുന്ധതിയാണ് ഭാര്യ. ചിത്രകേതു, പുരോചിസ്സ്, വിരചൻ, മിത്രൻ, ഉൽബണൻ, വസുഭൃദ്യാനൻ, ദ്യുമാൻ എന്നീ ഏഴു പുത്രന്മാർ -ബ്രഹ്മർഷികളായി അറിയപ്പെടുന്നു. ദക്ഷൻ്റെ യാഗത്താൽ അനേകം മുനികൾ മരിച്ച കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.  കൂടെ അരുന്ധതിയും മരിച്ചു. അങ്ങനെ അവർ ആകാശമാർഗ്ഗത്തിൽ പ്രവേശിച്ച് രണ്ട് നക്ഷത്രങ്ങളായി മാറി.

രണ്ടാം ജന്മം :- ബ്രഹ്മദേവൻ്റെ യജ്ഞ കണ്ഡത്തിൽ നിന്നും ജനിച്ചു. ഭാര്യയുടെ പേര് അക്ഷമാല. അക്ഷമാല അരുന്ധതിയുടെ പുനർജന്മം. ഈ ജന്മത്തിൻ്റെ അവസാനം ഇക്ഷ്വാകവംശത്തിൻ്റെ ഒരു രാജാവായ നമിചക്രവർത്തിയുടെ ശാപം കൊണ്ടായിരുന്നു.

മുന്നാ ജന്മം :- മിത്ര വരുണന്മാരുടെ പുത്രനായി ഒരു കുടത്തിൽ നിന്നും ജനിച്ചു. അഗസ്ത്യ മുനിയുടെ സഹോദരൻ ആണ്. ഈ ജന്മത്തിൽ നാരദമുനിയുടെ സഹോദരിയായ അരുന്ധതിയാണ് ഭാര്യ.

ഇദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് അനേകം പൗരാണിക കഥകൾ പല പുരാണങ്ങളിലും ഉണ്ട്. സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായ  കാമധേനുവും  അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു. ഋഗ്വേദത്തിന്റെ ഏഴാം മണ്ഡലം എഴുതിയത് വസിഷ്ഠനാണ്. വിശ്വാമിത്രനുമായി ഇദ്ദേഹം ആജീവനാന്തം ശത്രുതയിലായിരുന്നു