ദക്ഷിണ കർണാടകത്തിൽ പ്രസിദ്ധമായ കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിൽ നിന്ന് 130 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം . കേരളത്തിൽ അറിയപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗോകർണത്തിൽ മഹാബലേശ്വരൻ (ശിവൻ) ഗോകർണനായിക (പാർവതി) യോടൊപ്പം ആത്മലിംഗത്തിൽ സാന്നിധ്യമരുളി പടിഞ്ഞാട്ട് അഭിമുഖമായി അധിവസിക്കുന്നു. സമുദ്ര സ്നാനം ചെയ്ത് ക്ഷേത്രദർശനം ചെയ്യണമെന്ന് പഴമൊഴി. ഗോകർണ ദർശനം സാധിച്ചാൽ പുനർജന്മത്തിൽ നിന്ന് മുക്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉപദേവന്മാർ ഗണപതി, ചണ്ഡികേശ്വരൻ, ആദിഗോകർണേശൻ, ദത്താത്രേയൻ ഇവരാണ്. കോടി തീർത്ഥകുളം പ്രസിദ്ധമാണ്. കോടി തീർത്ഥകുളം ഗരുഡൻ നിർമ്മിച്ചതാണെന്ന് ഐതിഹ്യം. തീർത്ഥ കുളത്തിനരികിൽ ഒരു കൃഷ്ണക്ഷേത്രവും വെങ്കിടേശ്വര പ്രതിഷ്ഠയുമുണ്ട്. ശിവരാത്രിയാണ് ഉത്സവം. അന്ന് ഭഗവാനെ രഥത്തിലാണ് എഴുന്നള്ളിക്കുന്നത്.
ഗോകർണ്ണ ക്ഷേത്രത്തെക്കുറിച്ചും പുരാണഗ്രന്ഥങ്ങളിൽ പരാമർശങ്ങൾ കാണുന്നതു കൊണ്ട് ക്ഷേത്രം പണ്ടു മുതൽക്കുതന്നെ വിഖ്യാതമായിരുന്നു. ദിനംപ്രതി തീർത്ഥാടകരുടെ എണ്ണവും വർധിക്കുന്നു. ക്ഷേത്രോത്സവത്തെപ്പറ്റിയുള്ള ഐതിഹ്യ നിറച്ചാർത്ത് ഇങ്ങനെയാണ്; സൃഷ്ടിയുടെ ആരംഭത്തിൽ ബ്രഹ്മാവിനാൽ ആദ്യം സൃഷ്ടിക്കപ്പെട്ടവരാണ് സനകാദി നാല് പുത്രന്മാർ. അവരാകട്ടെ ബ്രഹ്മാവിനാൽ സൃഷ്ടിക്കുവേണ്ടി പ്രേരിപ്പിക്കപ്പെട്ടിട്ടും ആ വാക്ക് വകവച്ചില്ല. ബ്രഹ്മാവിന് കോപം അടക്കാൻ വയ്യാതായി. പുരികക്കൊടികളുടെ ഇടയിൽ നിന്ന് മൃഡൻ (ശിവൻ) ഉത്ഭവിച്ചു. അവന് രുദ്രൻ എന്ന പേര് നൽകി. രുദ്രനോട് പ്രജകളെ സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. രുദ്രൻ പാതാളത്തിലേക്ക് പോയി. സൃഷ്ടി ആരംഭിച്ചു. രുദ്ര സൃഷ്ടി കണ്ട് ഭയപ്പെട്ട് ബ്രഹ്മാവ് അത് തടഞ്ഞു. അത് രുദ്രന് ഇഷ്ടപ്പെട്ടില്ല. ഭഗവാൻ കോപിച്ച് പാതാളത്തിൽ നിന്ന് പുറത്തു കടക്കാൻ ഒരുങ്ങി. അപ്പോൾ ഭൂമിദേവി രുദ്രനെ തടഞ്ഞു. രുദ്രൻ തൻറെ ശരീരം ചെറുതാക്കി ഭൂമിദേവിയുടെ ചെവിയിൽ കൂടി പുറത്തു കടന്നു. ഭഗവാൻ ഭൂമിദേവിയെ വന്ദിച്ചു. ഗോവിന്റെ കർണത്തിൽ കൂടി ഭഗവാൻ പുറത്തു വന്നതുകൊണ്ട് ആ സ്ഥലം ഗോകർണം എന്ന പേരിൽ അറിയപ്പെട്ടു. ആത്മലിംഗസങ്കല്പത്തിന്റെ പൊരുൾ ഈ കഥയാണെന്ന് വിശ്വസിക്കപ്പെടുന്നു.
പ്രതിഷ്ഠക്ക് അടിസ്ഥാനമായി മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. രാവണൻ ശിവനെ കൈലാസത്തിൽ പോയി തപസ്സു ചെയ്തു പ്രീതിപ്പെടുത്തി വരം വാങ്ങി. പ്രതിഷ്ഠിക്കാൻ ശിവലിംഗവും കൊണ്ട് ഭൂമിയിലേക്ക് പ്രവേശിച്ചു. ശിവലിംഗം എവിടെ വെക്കുന്നുവോ അവിടെ പ്രതിഷ്ഠിക്കപ്പെടുഷ്ടിക്കമെന്നാണ് ഭഗവാൻ പറഞ്ഞിരുന്നത്. ഗണപതി വിഗ്രഹം ഗോകർണത്തിൽ വെപ്പിക്കാൻ ബ്രാഹ്മണനായി ചമഞ്ഞ് രാവണനെ പറ്റിച്ചു. അങ്ങനെ ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ പരശുരാമ പ്രതിഷ്ഠയാണെന്ന വിശ്വാസമാണ് കൂടുതൽ പ്രബലം.