പടവിള ശ്രീ ധർമ്മശാസ്താവ്

എന്റെ ദേശത്തുള്ള ശാസ്താക്ഷേത്രമാണ് പടവിള ശ്രീ ധർമ്മശാസ്താ ക്ഷേത്രം. പടവിള ക്ഷേത്രം കടകുളം എന്ന സ്ഥലത്തെ ഒരു പുഴക്കരയിൽ ആണ് സ്ഥിതിചെയ്യുന്നത്. പുഴക്കരയിലെ ഒരു കുന്നിൻ മുകളിലാണ് പടവിള ശ്രീ ധർമ്മശാസ്താവ് കുടിയിരിക്കുന്നത്. പുഴക്കരയിൽ നിന്ന് പതിനെട്ട് പടികൾ കയറി വേണം ഈ ക്ഷേത്രസന്നിധിയിൽ എത്തുവാൻ. പടികെട്ടിന്റെ ഇരുവശങ്ങളിലും ചെറിയ കൽവിളക്കുകൾ ഉണ്ട്. ചുറ്റുമതിലുകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടം ശ്രീധർമ്മ ശാസ്താവിന്റെ തിരുനടയ്ക്ക് മുന്നിലാണ്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭക്തരെ ആദ്യം ആകർഷിക്കുന്നത് ഇവിടെത്തെ ശ്രീധർമ്മശാസ്താവിന്റെ ഐശ്വര്യ പൂർണ്ണമായ പ്രതിഷ്ഠ തന്നെയാണ്. ശ്രീകോവിലിന് ഉള്ളിലുള്ള ശ്രീ ധർമ്മശാസ്താവിന്റെ പ്രതിഷ്ഠയിൽ നിത്യവും ചന്ദനചാർത്ത് കാണാൻ സാധിക്കും. ചന്ദനചാർത്തും മാലയും അണിഞ്ഞ് ഭക്തർക്ക് അനുഗ്രഹം നൽകുന്ന പടവിള ശ്രീധർമ്മശാസ്താവിന്റെ തിരുനടയ്ക്ക് മുന്നിൽ ഒരു കിടാവിളക്ക് നിത്യവും ജ്വലിച്ച് നിൽക്കുന്നു. ശ്രീ ധർമ്മശാസ്താവിനെ തൊഴുതു വണങ്ങിയാൽ അടുത്ത് ഗണപതി ഭഗവാന്റെ ശ്രീകോവിലിൽ ദർശനം നടത്തണം. ഇവിടെ ഗണപതി ഭഗവാന്റെ ശ്രീകോവിലിനെ മോടിപ്പിടിപ്പിക്കുന്നത് ശ്രീകോവിലിനു മുകളിലുള്ള താമരയുടെ ഒരു ശില്പമാണ്. അതിനു ശേഷം നാഗരാജ സന്നിധിയിൽ തൊഴുന്നു. പിന്നീട് ബ്രഹ്മരക്ഷസ്സിനേയും യോഗീശ്വരനെയും മാടൻതമ്പുരാനെയും യക്ഷിയമ്മയെയും തൊഴുന്നു. അങ്ങനെ ഇത്രയും സന്നിധികളിലും തൊഴുത് വരുന്നതോടെ ശ്രീധർമ്മശാസ്താവിന്റെ ശ്രീകോവിലിനെ ഒരു വലയം ചെയ്യ്ത് കഴിയും. ഈ അടുത്ത കാലത്ത് നടന്ന ദേവപ്രശ്നത്തിൽ ഇവിടെ ദേവി സാന്നിധ്യം കാണുകയും, തുടർന്ന് ഭുവനേശ്വരി ദേവിയുടെ പ്രതിഷ്ഠയും നടത്തി.

ഇവിടെത്തെ പ്രധാന ഉത്സവം പൈങ്കുനി ഉത്രം മഹോത്സവമാണ്. ഇതിനു പുറമേ വിശ്ചിക ചിറപ്പുകളും നവരാത്രിക്കാലത്തെ വിജയദശമി നാളിൽ പാൽപൊങ്കാലയും നടത്തി വരുന്നു.



🌷സ്വാമിയേ........ശരണമയ്യപ്പാ......🌷