അരുവല്ലൂർ ശ്രീ മഹാദേവൻ

എന്റെ ദേശത്തുള്ള അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് അരുവല്ലൂർ ശ്രീ മഹാദേവക്ഷേത്രം. ഞാൻ അനേകം തവണ ദർശനം നടത്തിയിട്ടുള്ള ഒരു ശിവക്ഷേത്രമാണ് അരുവല്ലുർ ശ്രീ മഹാദേവക്ഷേത്രം. കിഴക്ക് ദർശനത്തിലാണ് ശ്രീ മഹാദേവൻ ഇവിടെ കുടികൊള്ളുന്നത്. മഹാദേവന്റെ തിരുനടക്കു നേരേ മുന്നിൽ ക്ഷേത്ര ചുറ്റുമതിലിനു പുറത്ത് ക്ഷേത്രകുളം ഉണ്ട്. ഇവിടെ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്ത് രണ്ട് കുളങ്ങളാണ് ഉള്ളത്. രണ്ട് കുളങ്ങൾക്കും ഇടയിലായി ഒരു ചെറിയ നടപ്പാതയുണ്ട്. ഈ നടപാത വഴി സഞ്ചരിച്ചാൽ നമുക്ക് അരുവല്ലൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ എത്താം. അങ്ങനെ കിഴക്കേ നടയിൽ എത്തുന്ന ഭക്തനെ സ്വാഗതം ചെയ്യുന്ന ഒരു ഗോപുരനട ഇവിടെ കാണാൻ സാധിക്കും. ഗോപുരനടയ്ക്ക് നാല് മണ്ഡപങ്ങൾ ഉണ്ട്. ഗോപുരനടയുടെ പുറത്ത് രണ്ട് മണ്ഡപങ്ങളാണ് ഉള്ളത്. ഇതിലെ ഒരു മണ്ഡപത്തിൽ അഗസ്ത്യ മുനി തപസനിഷ്ഠിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഈ മണ്ഡപത്തിലുള്ള അഗസ്ത്യ മുനിയെ തൊഴുത് വണങ്ങുന്നു. അതിനു ശേഷം ഗോപുരനടവഴി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്ന ശിവഭക്തരെ ആദ്യം സ്വാഗതം ചെയ്യുന്നത് ഇവിടെത്തെ ഉയരം കൂടിയ ധ്വജം തന്നെയാണ്. ധ്വജത്തിനെ വണങ്ങിയ ശേഷം ധ്വജത്തിന്റെ വലത് വശത്ത് കൂടി ശ്രീ മഹാദേവന്റെ ചുറ്റമ്പലത്തിന് പുറത്ത് നിന്നും സാക്ഷാൽ അരുവല്ലൂർ മഹാദേവനെ കണ്ടു വണങ്ങുന്നു. ചുറ്റമ്പലത്തിന് ഉള്ളിൽ കടക്കുന്നതിന് മുമ്പ് ചുറ്റമ്പലത്തിനെ പുറത്തു കൂടി ഒരു വലംവെയ്യ്ക്കുന്നു. അങ്ങനെ വലം ചെയ്യുന്ന ഭക്തർ ആദ്യം എത്തുന്നത് ശ്രീധർമ്മശാസ്താ സന്നിധിയിൽ ആണ്. അതിനു ശേഷം ശ്രീകൃഷ്ണ ഭഗവാന്റെ ശ്രീകോവിലിനു മുന്നിൽ എത്തും. ശ്രീകൃഷ്ണ ഭഗവാനെ തൊഴുത് വരുന്ന ഭക്തർ അടുത്ത് എത്തുന്നത് ശ്രീ നാഗരാജാക്കന്മാരുടെ മുന്നിലാണ്. അങ്ങനെ ഒരു വലയം പൂർത്തിയാകുന്നു. ഇനി നമുക്ക് സന്ദർശിക്കുവാൻ ഉള്ളത്  ചുറ്റമ്പലത്തിനുളളിലെ ശ്രീകോവിലിൽ വാണരുളുന്ന അരുവല്ലുർ ശ്രീ മഹാദേവനെയാണ്. അങ്ങനെ ചുറ്റമ്പലത്തിന് ഉള്ളിൽ പ്രവേശിച്ച് നാം എത്തുന്നത് കരിങ്കൽ പാതകൾ വിരിച്ച ശ്രീകോവിലിനു മുന്നിലാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത് കരിങ്കൽ തൂണുകൾ കൊണ്ടാണ്. ശ്രീകോവിലിനു മുകളിൽ ഒരു മനോഹരമായ ശിൽപ ഗോപുരം പണിക്കഴിപ്പിച്ചിട്ടുണ്ട്. ഈ ഗോപുരത്തിന്റെ നാല് വശത്തും അനേകം ദേവന്മാരുടെയും ദേവിമാരുടെയും ശിൽപങ്ങൾ കാണാൻ സാധിക്കുന്നു. ശ്രീകോവിലിനു ചേർന്നു തന്നെയാണ് ഇവിടെ ഗണപതി സന്നിധി ദർശിക്കുവാൻ സാധിക്കുന്നത്. ശ്രീകോവിലിനുള്ളിലെ ശ്രീപരമശിവനെയും ഗണപതി ഭഗവാനെയും തൊഴുത് പ്രദക്ഷിണം ചെയ്യ്ത് തീർത്ഥവും സേവിച്ച് ഭസ്മം നെറ്റിയിൽ അണിഞ്ഞതിനു ശേഷം വടക്കുവശത്തുള്ള നടവഴി നമുക്ക് ചുറ്റമ്പലത്തിന് പുറത്ത് ഇറങ്ങാവുന്നതാണ്. ശിവന്റെ' നടയില്‍ തൊഴുതുകഴിഞ്ഞാല്‍ വടക്കു നടയിൽ ഉള്ള കരിങ്കൽ പടവിൽ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. അതനുസരിച്ചാണ് ഇവിടെ അല്പസമയം ഇരിക്കുവാൻ പറയുന്നത്. ഇവിടെത്തെ ഉത്സവം മേടതിരുവാതിരയാണ്. മേടത്തിലെ തിരുവാതിര പത്താം നാൾവരത്തക്ക രീതിയിൽ പത്ത് ദിവസത്തെ ഉത്സവമായാണ് നടത്തുന്നത്. തിരുവാതിരയുടെ അന്ന് അരുവല്ലൂർ ശ്രീ മഹാദേവന്റെ തിരുആറാട്ട് നടക്കുന്നു.