വൃശ്ചികമാസത്തെ വരവേൽക്കാൻ, പ്രകൃതി പോലും കുളിരണിഞ്ഞ് ഒരുങ്ങി കഴിഞ്ഞു. അതേ ഇന്ന് വൃശ്ചികം ഒന്ന്... ദക്ഷിണ ഭാരതത്തെ ഒന്നാകെ ശരണഘോഷം കൊണ്ടു മുഖരിതമാക്കുന്ന മണ്ഡലമകരവിളക്കു കാലം ആരംഭിക്കുകയാണ്. തത്വമസിപ്പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച് വ്രതവിശുദ്ധിയോടെ ഹൈന്ദവ ഭവനങ്ങള്‍ ദേവാലയങ്ങളാകുന്ന നാളുകള്‍ വരവായി. ഇനിയുള്ള പ്രഭാതങ്ങളെന്നും ശരണം വിളികളുടെ ശംഖൊലിയാലും വായുവിൽ കർപ്പൂരത്തിന്റെയും, പനിനീരിന്റെയും സുഗന്ധത്താലും സായന്തനങ്ങൾ ഭജനകളുടെ താളത്താലും മുഖരിതമാവട്ടെ.... ഈ പുണ്യദിനങ്ങളെ സാര്‍ത്ഥകമാക്കുന്നതിന് അയ്യപ്പസ്വാമിയുടെ മഹാത്മ്യങ്ങൾ വിശദമാക്കുന്ന ഒരു ചെറു ലേഖനം ഇന്നു മുതല്‍ ആരംഭിക്കുകയാണ്.
പതിനേഴ് വർഷങ്ങൾക്ക് മുമ്പുള്ള ഇതുപോലൊരു തണുത്ത വൃശ്ചിക പുലരിയിലാണ് ഞാൻ തുളസിമാല അണിഞ്ഞ് കന്നി സ്വാമിയായത്. അങ്ങനെ കന്നി സ്വാമി പദവി ലഭിച്ച ആ നാളുകളിലാണ് അമ്മുമ്മയുടെ അടുത്ത് നിന്നും അയ്യപ്പസ്വാമിയുടെ മാഹാത്മ്യങ്ങളെ കുറിച്ചുള്ള കഥകളും ശബരിമല ക്ഷേത്രത്തെക്കുറിച്ചും ഞാൻ കൂടുതൽ അറിയുന്നത്. ഓർമ്മയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ആ നല്ല ദിനങ്ങളിലൂടെയുള്ള യാത്ര തന്നെയാവട്ടെ ഈ മണ്ഡലകാലം.....
ഞാൻ കന്നിഅയ്യപ്പൻ
〰〰〰〰〰〰〰〰〰
പതിനേഴ് വർഷങ്ങൾ ഒന്നു പിന്നോട്ട് സഞ്ചരിച്ചാൽ ഞാൻ കന്നി അയ്യപ്പനായ ആ നല്ല നാളുകളിലേക്ക് എത്തിച്ചേരാം. ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് എന്റെ ആദ്യ ശബരിമല യാത്ര നടന്നത്. അന്നൊരു തുലാമാസത്തിന്റെ അവസാന നാളുകളിലാണ് അച്ഛൻ ആ തീരുമാനം എടുത്തത്. എന്നെയും ചേട്ടനെയും ആദ്യമായി ശബരിമല ദർശനത്തിന് കൊണ്ട് പോകാനുള്ള തീരുമാനം, കൂടെ കൊച്ചച്ഛനും മകനും. അങ്ങനെ ആ മണ്ഡലക്കാലത്തെ കുളിരുള്ള പ്രഭാതത്തിൽ ശരണം വിളികേട്ടുകൊണ്ട് തന്നെ എഴുന്നേറ്റ് തണുത്ത ജലത്തിൽ ഒരു കുളി നടത്തി. ശബരിമല ദർശനത്തിന് കർശനമായ ചിട്ടവട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. കാനനവാസനായ അയ്യപ്പനെ ദർശിക്കാൻ, മനസ്സും ശരീരവും ഒരു പോലെ പരിശുദ്ധമാകണം. ഇതിനായി ഗുരു കാരണവന്മാർ നിശ്ചയിച്ചതത്രെ വ്രതമെന്ന മഹാതപസ്സ്.
ആദ്യമായി ശബരിമലയിൽ ദർശനത്തിന് പൊകുന്നവരെ കന്നി അയ്യപ്പൻ എന്ന് വിളിക്കുന്നു. കന്നി അയ്യപ്പന് 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം. ആയതിനാൽ തന്നെ അന്നു പ്രഭാതത്തിൽ അടുത്തുള്ള പടവിള ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പോയി ശാസ്താവിനെ ധ്യാനിച്ചു. അച്ഛൻ നമുക്ക് ധരിക്കാനുള്ള മാല പൂജിക്കുന്നതിനായി പൊറ്റിയെ ഏൽപ്പിച്ചു. പൊറ്റി ശ്രീകോവിലിനുള്ളിൽ മാല പൂജിക്കുന്ന സമയം പുറത്ത് നിന്നും ഞങ്ങൾ ശ്രീധർമ്മശാസ്താവിന്റെ നാമങ്ങൾ ഉരുവിട്ടു.
ഭൂതനാഥ സദാനന്ദ
സര്‍വ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോ നമഃ
അങ്ങനെ നിന്നപ്പോൾ പൂജ കഴിഞ്ഞ മാലകളുമായി പോറ്റി ശ്രീകോവിലിനുള്ളിൽ നിന്നും വന്നു. ഇനി മുദ്ര ധാരണം.....
മുദ്ര ധാരണം
* * * * * * * * *
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുന്നതാണ് നല്ലത്. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി മുദ്ര ധാരണത്തിന് ഉപയോഗിക്കുക. കൂടെ അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത ചുട്ടിയും ഉണ്ടായിരിക്കണം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. ആ മന്ത്രം ഇതാണ്.
ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ചിന്മുദ്രാം ക്ഷീരമുദ്രാം
ഭദ്രമുദ്രാം നമാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമഃ'
![]() |
ആദ്യത്തെ മാല |
അങ്ങനെ പോറ്റി ആദ്യം അച്ഛന് മാല ധരിച്ചു കൊടുത്തു. ആ സമയം അച്ഛൻ ശരണം വിളിച്ചു. അത് നമ്മളും ഏറ്റു വിളിച്ചു.
സ്വാമി ശരണം... അയ്യപ്പ ശരണം...
സ്വാമിയേ.... ശരണമയ്യപ്പാ.....
ഓംകാര ബ്രഹ്മമേ...ശരണമയ്യപ്പാ...
ഓംകാര രൂപനേ...ശരണമയ്യപ്പാ...
ഓംകാര നിലയനേ...ശരണമയ്യപ്പാ...
അകാരരൂപനേ...ശരണമയ്യപ്പാ...
അക്ഷരബ്രഹ്മമേ...ശരണമയ്യപ്പാ...
അക്ഷരമുഖനേ...ശരണമയ്യപ്പാ...
അഖണ്ഡജ്യോതിസ്സേ...ശരണമയ്യപ്പാ...
അഖിലരൂപനേ...ശരണമയ്യപ്പാ...
ആത്മതത്ത്വരൂപനേ...ശരണമയ്യപ്പാ...
ആയുരാരോഗ്യപ്രദനേ...ശരണമയ്യപ്പാ...
ആരണ്യവാസനേ...ശരണമയ്യപ്പാ...
ആശ്രിതരക്ഷകനേ...ശരണമയ്യപ്പാ...
ആശ്രിതവത്സലനേ...ശരണമയ്യപ്പാ...
ഇന്ദ്രപ്രിയനേ...ശരണമയ്യപ്പാ...
ഇന്ദ്രിയജിത്തേ...ശരണമയ്യപ്പാ...
ഇന്ദുവദനനേ...ശരണമയ്യപ്പാ...
ഈശാനരൂപനേ...ശരണമയ്യപ്പാ...
ഇഷ്ടവരദാതാവേ...ശരണമയ്യപ്പാ...
ഉഗ്രസേനനേ...ശരണമയ്യപ്പാ...
ഉഗ്രായുധനേ...ശരണമയ്യപ്പാ...
ഉത്തമപുരുഷനേ...ശരണമയ്യപ്പാ...
ഉപദ്രവനാശനനേ...ശരണമയ്യപ്പാ...
ഉൽപലാക്ഷനേ...ശരണമയ്യപ്പാ...
ഏകസ്വരൂപനേ... ശരണമയ്യപ്പാ...
ഏകനായകനേ... ശരണമയ്യപ്പാ...
ഏകാഗ്രചിത്തതേ... ശരണമയ്യപ്പാ...
ഏകാന്തവാസിയേ... ശരണമയ്യപ്പാ...
ഐശ്വര്യദാതാവേ... ശരണമയ്യപ്പാ...
ഇങ്ങനെ ശരണം വിളികൾ ക്ഷേത്രാങ്കണത്തിൽ നിറഞ്ഞ ശുഭ മുഹൂർത്തത്തിൽ അച്ഛനും കൊച്ചച്ഛനും ചേട്ടനും പിന്നെ ഞാനും മാലധരിച്ചു. മാല ധരിച്ചു കഴിഞ്ഞ് പൂജാരിക്ക് ദക്ഷിണയും നൽകി... പിന്നെ ശരണം വിളിയുടെ അവസാന ഭാഗം കൊച്ചച്ഛൻ ഒറ്റ ശ്വോസത്തിൽ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചു..
ഓം ശ്രീ സത്യമാന പൊന്നു പതിനെട്ടാം പടിമേല്‍ വാഴും വില്ലാളി വീരന്‍ വീരമണികണ്ടന്‍ കാശി രാമേശ്വരം പാണ്ടി മലയാളം അടക്കിവാഴും ഓം ശ്രീ ഹരിഹര സുതന്‍ ആനന്തചിത്ത അയ്യനയ്യപ്പ സ്വാമിയേ........
ശരണം അയ്യപ്പാ....
ശരണം അയ്യപ്പാ....
ശരണം അയ്യപ്പാ...🙏
കൂടെ നിന്ന ഞങ്ങൾ ഇങ്ങനെ മൂന്ന് തവണ ഏറ്റു പറഞ്ഞ് ശ്രീധർമ്മശാസ്താവിന് മുന്നിൽ നമസ്കരിച്ചു. ശേഷം ഗണപതി ഭഗവാന്റെ തിരു നടയിൽ ചെന്ന് വ്രതത്തിനും ശബരിമല യാത്രക്കും ഒരു വിഘ്നങ്ങളും വരാതിരിക്കുവാൻ മനസ്സറിഞ്ഞ് പ്രാർത്ഥിച്ച് തേങ്ങയും ഉടച്ച് ക്ഷേത്രത്തെ ഒരു പ്രദക്ഷിണം വച്ച് വീട്ടിലേക്ക് തിരിച്ചു. വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒരു സ്വാമി പാലിക്കേണ്ട കാര്യങ്ങളെല്ലാം അച്ഛൻ വിശദമാക്കി തന്നു.
👉വ്രതനാളുകളിൽ ദിവസവും രണ്ട് നേരം കുളിക്കണം.
👉 അരുണോദയത്തിനു മുമ്പ് കുളിക്കണം.
👉 ഒരു നേരമെങ്കിലും ക്ഷേത്ര ദർശനം നടത്തുക.
👉 രാവിലെയും സന്ധ്യക്കും ശരണം വിളിക്കുകയും അയ്യപ്പ കീർത്തനം ചൊല്ലുകയും വേണം.
👉 മാതാപിതാക്കളേയും ഗുരുജനങ്ങളേയും വന്ദിക്കുക.
👉 സർവ്വചരാചരങ്ങളേയും അയ്യപ്പസ്വാമിയായി കാണുക .
👉 അഹങ്കാരവും പരദൂഷണ സ്വഭാവവും പൂർണമായി ഒഴിവാക്കുക.
👉 സാത്വിക ഭാവന മറ്റുള്ളവരിലേക്കും പകരുക.
👉 അന്യരുടെ ഉയർച്ചയിലും വളർച്ചയിലും അസൂയപ്പെടാതിരിക്കുക.
👉 യാതൊരു ജീവിയേയും ഹിംസിക്കരുത്.
👉 മനസാ വാചാ കർമ്മണാ ആരെയും വഞ്ചിക്കരുത്.
👉 ഭക്തി വർദ്ധകങ്ങളായ പുണ്യകഥകൾ കേൾക്കുകയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
👉 ആരോടും ക്ഷോഭിച്ച് സംസാരിക്കാതിരിക്കുക.
👉 മത്സ്യ മാംസാദികൾ വർജ്ജിക്കുക.
👉 മല ചവിട്ടി ദർശനം നടത്തിവന്നാൽ ബാഹ്യമായും ആന്തരികമായും ഒരു ഉത്തമ മനുഷ്യനാകണം.
ഇങ്ങനെ ഒരു സ്വാമിക്ക് വേണ്ട നല്ല ഗുണങ്ങളെ കുറിച്ച് പറഞ്ഞ് അച്ഛനും ഞങ്ങളും വീട്ടിലെത്തി...
തുടരും....🌺