നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

നെയ്യാറ്റിന്‍കര ഉണ്ണികണ്ണൻ ➖➖➖➖➖➖➖➖➖➖➖➖
നെയ്യാറ്റിൻകര  വാഴും  കണ്ണാ....
ഞാൻ ഏറ്റവും കൂടുതൽ തവണ ദർശനം നടത്തിയിട്ടുള്ള ഒരു ശ്രീകൃഷ്ണ ക്ഷേത്രമാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.  തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശ്രീകൃഷ്ണന്‍ ഉണ്ണികണ്ണനായി വാണരുളുന്നു.
കണ്ണന്റെ ഇരുകയ്യിലും വെണ്ണ അല്ലങ്കില്‍ ഒരുകയ്യില്‍ വെണ്ണയും മറുകയ്യില്‍ കദളിപ്പഴവും എന്ന സങ്കൽപ്പത്തിലാണ്. ദേശിയ പാതയ്ക്ക് അരികിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രവേശന കവാടത്തിനു മുകളിൽ സാക്ഷാൽ പാർത്ഥസാരഥിയായ ശ്രീ കൃഷ്ണന്റെ അതി മനോഹരമായ ഒരു ശില്പം കാണാൻ സാധിക്കുന്നു. നാലു കുതിരകളെ പൂട്ടിയ രഥത്തിന്റെ സാരഥിയായി ശ്രീകൃഷ്ണൻ ഇരുന്ന് അർജ്ജുനന് ഗീതോപദേശം നൽകുന്ന രീതിയിലുള്ള ശില്പമാണ് ഭക്തരെ സ്വാഗതം ചെയ്യുന്നത്. ഇതു വഴി അകത്തു പ്രവേശിച്ചു കഴിഞ്ഞാൽ ഏതാണ്ട് നൂറ് മീറ്റർ നീളമുള്ള നടപ്പന്തലിലൂടെ നടന്നു വേണം ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ. നടപ്പന്തലിൽ രണ്ട് കല്യാണ മണ്ഡപങ്ങൾ ഉണ്ട്. നടപ്പന്തലിന്റെ ഇടത് വശത്ത് ഒരു ആൽമര ചുവട്ടിൽ നാഗദേവതകൾ ഉണ്ട്. അങ്ങനെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഭക്തർ ആദ്യം ദർശിക്കുന്നത് ധ്വജമാണ്. ധ്വജത്തിന് അരികിലൂടെ നമുക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശിക്കാം. ഇവിടെത്തെ ശ്രീകോവിലിനുള്ളിൽ സാക്ഷാൽ നീലവർണ്ണനായ ഉണ്ണിക്കണ്ണൻ കുടികൊള്ളുന്നു. ഉണ്ണിക്കണ്ണനെ കൺകുളിർക്കെ തൊഴുതു കഴിഞ്ഞാൽ ശ്രീകോവിലിനെ ഒരു പ്രദക്ഷിണം വയ്ക്കണം. ശ്രീകോവിലിലെ ചുമരിൽ കൃഷ്ണ ലീലകളുടെ ചുമർചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ഇനി നമുക്ക് ഉണ്ണികണ്ണന്റെ ഐതീഹ്യകഥയിൽ ഒന്ന് കടക്കാം.

എെതീഹ്യം
*************
പണ്ട്‌ അഗസ്ത്യമുനി സഹ്യപര്‍വത്തിലുള്ള തന്റെ ആശ്രമത്തില്‍ യാഗം നടത്തി വരികയായിരുന്നു. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര്‍ അഗസ്ത്യാശ്രമം കാണാനെത്തി. യാഗശാലയില്‍ നറുനെയ്യ്‌ നിറച്ച ധാരാളം കുംഭങ്ങള്‍ കൂന്നുകുടിക്കിടന്നിരുന്നു. അതില്‍ നിന്നും വാര്‍ന്നൊഴുകിയ നെയ്യ്‌ ആറായി മാറി. നെയ്യൊഴുകുന്ന ആറ്‌ നെയ്യാര്‍ ആയി. അഗസ്ത്യന്‍ വെണ്ണ ചെറു ഉരുകളാക്കി ഹോമകുണ്ഡത്തിലേക്കിടുന്ന കാഴ്ച വില്വമംഗത്തിലനെ രസിപ്പിച്ചു. യാഗാഗ്നി മുഖത്ത്‌ നിന്ന്‌ ഉണ്ണികൃഷ്ണന്‍ ഉരുളകള്‍ രണ്ട്‌ കൈ കൊണ്ടും മാറി മാറി സ്വീകരിക്കുന്നു. നെയ്യാറില്‍ നിന്ന്‌ കിട്ടിയ ഒരു കൃഷ്ണശില ഇവിടെ പ്രതിഷ്ഠിച്ചു. അങ്ങനെ ഇവിടം നെയ്യാറ്റിന്‍കര എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി.പണ്ടൊരിക്കല്‍ ഇവിടെ കടുത്ത വരള്‍ച്ച അനുഭവപ്പട്ടാതായും ഭഗവാന്റെ അഭിഷേകത്തിന്‌ പോലും ബുദ്ധിമുട്ട്‌ നേരിട്ടു. ഇതെല്ലാം കണ്ട കൃഷ്ണഭക്തയുടെ മനംനൊന്ത പ്രാര്‍ത്ഥനയുടെ ഫലമായി ആറ്റിലൂടെ നെയ്യിന്‌ പകരം വെള്ളം ഒഴുകാന്‍ തുടങ്ങി. ഈ കൃഷ്ണഭക്തയ്ക്ക്‌ ഭഗവാന്റെ ദര്‍ശനം ഉണ്ടായെന്നും ഒരു കഥ.

നാലമ്പലത്തിന് പുറത്തിറങ്ങി ക്ഷേത്രത്തിനെ പ്രദക്ഷിണം ചെയ്യുമ്പോൾ നമുക്ക് ആദ്യം കാണാൻ സാധിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്ലാവിന്റെ അവശിഷ്ടം തന്നെയാണ്. പത്ത് അടി ഉയരവും  ഉൾപൊള്ളയുമായ  ഈ പ്ലാവിനെ ചുവട്ടിൽ തറകെട്ടി ഉയർത്തി ഒടുമേഞ്ഞ് സംരക്ഷിച്ചു പോരുന്നു. നിറമേകുന്ന മുത്തശ്ശികഥകളുടെ പരിവേഷങ്ങൾ നിറഞ്ഞ അമ്മച്ചിപ്ലാവിനെ കുറിച്ച് നമുക്ക് നോക്കാം....

അമ്മച്ചിപ്ലാവും ഉണ്ണികണ്ണനും
*******************************


തിരുവിതാംകൂറില്‍ രാജ്യാവകാശത്തര്‍ക്കം നടന്നിരുന്നക്കാലത്ത്.‌ രാജ്യവകാശിയാകാന്‍ പോകുന്ന മാര്‍ത്താണ്ഡവര്‍മയെ വധിക്കാന്‍ ബന്ധുക്കളും അനുയായികളും ചേര്‍ന്ന്‌  തീരുമാനിച്ചു. പിന്‍തുടരുന്ന ശത്രുക്കളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നെയ്യാറിന്റെ മറുകരയിലെത്തി കാട്ടിലൊളിച്ചു. അവിടം സുരക്ഷിതമല്ലന്ന്‌ തോന്നിയിട്ടാവണം അദ്ദേഹം പത്മനാഭസ്വാമിയെ വിളിച്ചു പ്രാര്‍ത്ഥിച്ചു. വിളികേട്ട വിജനമായ സ്ഥലത്ത്‌ ഒരു ബാലനെകണ്ടു. ആ കുട്ടിയാണ്‌ അടുത്തുള്ള പ്ലാവ്‌ കാണിച്ചുകൊടുത്തു.മാര്‍ത്താണ്ഡവര്‍മ ആ പ്ലാവിന്റെ പൊത്തില്‍കയറി ഒളിച്ചു . അങ്ങനെ അദ്ദേഹം ശത്രുക്കളില്‍ നിന്ന്‌ രക്ഷപ്പെട്ടു. പ്ലാവില്‍നിന്നും ഇറങ്ങിയ രാജാവ്‌ കാട്ടില്‍ ശബ്ദം കേട്ട ഭാഗത്തേയ്ക്ക്‌ ചെന്നു. അവിടെ കണ്ടത്‌ ഒരു ശിലമാത്രം. അദ്ദേഹം ആ ശിലയെ നമസ്കരിച്ച്‌ യാത്രയായി. രാമവര്‍മതമ്പുരാന്റെ നാടുനീങ്ങലോടെ മാര്‍ത്താണ്ഡവര്‍മ തിരുവിതാകൂര്‍ മഹാരാജാവ്‌ ആയി. രാജ്യഭാരമേറ്റടുത്തെശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെത്തി പ്ലാവിനെ പട്ടുചുറ്റി പൂജിച്ച്‌ അമ്മച്ചിപ്ലാവെന്ന്‌ നാമകരണം ചെയ്തു. തന്നെ രക്ഷിച്ച ബാലന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത്‌ ഭഗവാന്റെ അതേ രൂപത്തില്‍ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചു.

ഉപദേവതകളായി ഗണപതി, ശാസ്താവ് എന്നിവരും ഇവിടെ കുടികൊള്ളുന്നു. ഈ ക്ഷേത്രത്തിന് പുറത്ത് ദേശിയപാതയോട് ചേർന്ന് ഒരു ശിവ സന്നിധിയും കാണാം. ശിവന്റെ ശ്രീകോവിലിനു മുകളിൽ ശിവഭഗവാന്റെ ഒരു ശില്പവും കാണാൻ സാധിക്കും.
ഓം  നമഃ ശിവായ

മീനമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന ഉത്സവം പത്താംദിവസമായ രോഹിണിനാളില്‍ ആറോട്ടുകൂടി സമാപിക്കും. ഇവിടത്തെ ആറാട്ട്‌ ദിവസമാണ്‌ തിരുവനന്തപുരത്ത്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊടിയേറുന്നത്‌. ഇവിടെ പ്രതിഷ്ഠനടത്തിയത്‌ രാജാവിന്റെ ജന്മദിനമായ അനിഴം നാളില്‍ ആണ്‌. ഈ ദിനം പ്രതിഷ്ഠാനദിനമായി ആചരിക്കുന്നു. ഭഗവാന്റെ തൃക്കയ്യില്‍ വെണ്ണയും കദളിപ്പഴവും വെച്ച്‌ നിവേദിക്കും. ഈ വെണ്ണ ഉദരരോഗത്തിന്‌ ഉത്തമമാണെന്ന്‌ വിശ്വാസം.

            നെയ്യാറ്റിന്‍കര
          നീലവര്‍ണ്ണ നിയതം
          നീയേ നമുക്കാശ്രയം...🍃🍃🍃