തിരുമാന്ധാംകുന്ന് ക്ഷേത്രം




കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു അതിപുരാതനക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ്. ഈ ക്ഷേത്രം പാരിപാലിച്ചു പോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നും ഇതു തന്നെയാണ്. കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു  പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടുപോരുന്നു. ദാമ്പത്യ പ്രശ്നങ്ങൾക്കു പരിഹാരമായും മംഗല്യ ഭാഗ്യത്തിനായും ഒക്കെ വിശ്വാസികൾ ആശ്രയിക്കുന്ന ഈ ക്ഷേത്രത്തിന് കഥകളും ചരിത്രവും ഒരായിരമുണ്ട്. പോരാട്ടങ്ങളുടെയും ആയോധനകലകളുടെയും ഒക്കെ ചരിത്രമുറങ്ങുന്ന ഈ മണ്ണ് മാമാങ്കത്തോട് കിടപിടിക്കുന്ന തിരുമാന്ധാംകുന്ന് പൂരത്താലും ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്കും ചരിത്രത്തിലേക്കും നമുക്ക് ഒന്ന്  കടക്കാം.

തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും കവാടങ്ങളുണ്ട്. വടക്കേ നടയിലെ പടവുകൾ ഇറങ്ങിയാൽ ചെന്നെത്തുന്നത് കടലുണ്ടിപ്പുഴയുടെ ഒരു പോഷകനദിയിലാണ്. വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഒന്ന് ദേവിയുടെയും മറ്റൊന്ന് ശിവഭഗവാൻ്റെയും ആണ്.

വടക്കേ കൊടിമരത്തിനടുത്തുനിന്നു ബലിക്കൽപുരയിലൂടെ കയറി നാലമ്പലത്തിൽ ചെല്ലാം. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയുടെ പ്രതിഷ്ഠ. ആദിപരാശക്തിയായ മഹാമായ സപ്തമാതാക്കൾക്കൊപ്പം ഭദ്രകാളിയായി വിരാജിക്കുന്നു. ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് മാതൃശാലയിൽ. രൗദ്രഭാവത്തിൽ വടക്കോട്ട്‌ ദർശനം. കേരളത്തിലെ ഏറ്റവും വലിയ ദാരുവിഗ്രഹമാണ് ഇത്. ഇടതുകാൽ മടക്കി വെച്ച് വലതുകാൽ താഴോട്ടു തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് ഭഗവതിയുടെ പ്രതിഷ്ഠ. എട്ടുകൈകളോടുകൂടിയ ശ്രീഭദ്ര കൈകളിൽ ശൂലം, സർപ്പം, വാള്, പരിച തുടങ്ങിയ ആയുധങ്ങളും വെട്ടിയെടുത്ത ദാരികന്റെ ശിരസ്സും പിടിച്ചിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. കൊടുങ്ങല്ലൂരിലെ വിഗ്രഹത്തേക്കാൾ അല്പം കൂടി ഉയരം ഇതിനുണ്ട്. മാതൃശാലയ്ക്ക് മുൻപിൽ കിഴക്കോട്ടു ദർശനമായി ശിവന്റെ ശ്രീകോവിലുണ്ട്. ശ്രീമൂലസ്ഥാനത്തിനു പുറമേയാണ് ഈ പ്രതിഷ്ഠ.

ശ്രീമൂലസ്ഥാനത്ത് പാർവതീ - പരമേശ്വരന്മാരോടൊപ്പം ഗണപതിയുടെ സാന്നിധ്യവുമുണ്ട്. ഈ ഉണ്ണിഗണപതി ക്ഷിപ്രപ്രസാദിയും മംഗളദായിയുമാണ്. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് മംഗല്യപൂജ നടത്താറുള്ളത്. തുലാമാസത്തിലെ മുപ്പട്ടുവെള്ളിയാഴ്ചത്തെ മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്. സാധാരണ ഗണപതിയുടെ വലതു വശത്തുള്ള ചെറീയ ഒരു കിളിവാതിലിലൂടെ ആണ് തൊഴുക. എന്നാൽ മംഗല്യപൂജയുടെ സമയത്ത് മാത്രം ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും. ഇവിടെ ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളായി നിലകൊള്ളുന്നു.


ഐതീഹ്യം

സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മാന്ധാതാവ്‌ മഹർഷിയായി ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതി അറിയാതെ ഈ ശിവലിംഗം ശിവൻ മാന്ധാതാവ്‌ മഹർഷിക്കു സമ്മാനിച്ചു. പിറ്റേന്ന് തന്റെ ശിവലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല.

ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെ മുകളിൽ വീണത്. ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. ഇന്നും ക്ഷേത്രത്തിൽ കാട്ടുപഴങ്ങൾ (ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ഭൂതഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്. ഒടുവിൽ ഭദ്രകാളി വന്ന് ബലമായി തന്റെ കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടു പോകുവാൻ നോക്കി. മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ശിവലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത്‌ വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു. മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി വിഷ്ണുവും ബ്രഹ്മാവും ശിവനും പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.

മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ശിവലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ ദുർഗ്ഗാദേവിയുടെ സാന്നിദ്ധ്യം കാണാനായി. രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടത്തെ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം.

ചരിത്രം

കേരള ചരിത്രത്തിലെ തന്നെ എണ്ണം പറഞ്ഞ സംഭവങ്ങളിലൊന്നായ മാമാങ്കവും തിരുമാന്ധാംകുന്ന് ക്ഷേത്രവും തമ്മിൽ അഭേദ്യമായ പല ബന്ധങ്ങളുമുണ്ട്. രക്തം കൊടുത്തും അഭിമാനം സംരക്ഷിക്കുന്ന ചാവേറുകളുടെ കഥ ഇന്നും അതിശയത്തോടെ മാത്രമേ കേട്ടിരിക്കുവാൻ സാധിക്കൂ. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തെ പുരാതനകാലം മുതൽ തന്നെ ആരാധിച്ചും ആഘോഷിച്ചും പോന്നിരുന്നു. അതിനിടെ പണ്ട് പെരുമാക്കന്മാർ ആഘോഷിച്ചു പോന്ന മാമാങ്കത്തിന് പിൽക്കാലവകാശികളായിത്തീരാനും അതിൽ രക്ഷാപുരുഷനായി നിൽക്കാനും വിധിവശാൽ വെള്ളാട്ടിരിക്ക് അവസരം കിട്ടി. പക്ഷേ സാമൂതിരിയുടെ വരവോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആളും വേണ്ടത്ര അർത്ഥവുമായി നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമൂതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി അനിവാര്യമായിരുന്നു. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിയുടെ കൈകളിലേക്ക് മാറി.

എങ്കിലും സാമൂതിരിയുടെ മേൽക്കോയ്മ അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയ്യാറായില്ല. മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ട് സാമൂതിരിയുടെ അധികാരത്തിന് വെള്ളാട്ടിരി നിരന്തരം വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.

അതേസമയം മാമാങ്കാവകാശം നഷ്ടപ്പെട്ടതോടെ അതിനു ബദലായി മാമാങ്കത്തിനോട് കിടപിടിക്കത്തക്ക മറ്റൊരു ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കം പോലെ 12 വർഷത്തിലൊരിക്കലായിരുന്നു തുടക്കത്തിൽ തിരുമാന്ധാംകുന്ന് പൂരവും ആഘോഷിച്ചിരുന്നത്. കൊല്ലവർഷം 1058-ൽ തീപ്പെട്ട മങ്കട കോവിലകത്തുനിന്നുള്ള വള്ളുവക്കോനാതിരിയുടെ കാലത്താണ് പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങിയത്.


ചാന്താട്ടം

ദേവിയുടെ ദാരുവിഗ്രഹത്തിന്റെ ഉറപ്പും തിളക്കവും നൽകി കൂടുതൽ ചൈതന്യവത്താക്കാനാണ് ചാന്താട്ടം നടത്താറ്. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വഴിപാട് വർഷത്തിൽ രണ്ടുതവണയാണ് നടത്തുക. മിഥുനം, കർക്കടകം മാസങ്ങളിൽ മഴപെയ്ത് തണുത്ത കാലാവസ്ഥയിലാണ് ചാന്താട്ടം നടത്തുന്നത്. തെക്കിൻ കറകൊണ്ടുണ്ടാക്കുന്ന പ്രത്യേക ചാന്താണ് ഇതിനുവേണ്ടി ഉപയോഗിക്കുക. പന്തീരടിപൂജക്ക്‌ ശേഷം പ്രത്യേക താന്ത്രിക കർമങ്ങൾ നടത്തിയ ചാന്ത് മാതൃശാലയിലുള്ള വിഗ്രഹങ്ങളിൽ അഭിഷേകം ചെയ്യുന്നു.

ഉത്സവവും മുഖ്യ ചടങ്ങുകളും


ഇവിടത്തെ പ്രധാന വാർഷികാഘോഷം പൂരമാണ്. മാമാങ്കത്തിൽ ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർക്കാനിറങ്ങി ചരിത്രമായി മാറിയ ദേശാഭിമാനികളായ ചാവേറുകളുടെ വീരസ്മരണകൾ തിരുമാന്ധാംകുന്ന് പൂരത്തെ കേരളചരിത്രത്തിന്റെ ഭാഗമാക്കുന്നു. അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് .ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്.

ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. പന്തീരടിപൂജക്ക്‌ ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്.

എത്തിച്ചേരുവാൻ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് തിരുമന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം പെരിന്തൽമണ്ണയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്ങാടിപ്പുറം