ചോറ്റാനിക്കര ഭഗവതി ക്ഷേത്രം



കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്  എറണാകുളം ജില്ലയിലെ  ചോറ്റാനിക്കരയിലുള്ള ചോറ്റാനിക്കര ഭഗവതീക്ഷേത്രം. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. രാവിലെ സരസ്വതീ ദേവിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകുന്നേരം ദുര്‍ഗയായുമാണ് ആരാധിക്കുന്നത്. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും ചോറ്റാനിക്കരയമ്മ സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര. ഉത്സവത്തിലെ മകംതൊഴലാണ്‌ വിശേഷം. വില്വമംഗലത്ത്‌ സ്വാമിയാര്‍ ദേവിയെ സര്‍വാഭരണവിഭൂഷിതയായി ദര്‍ശിച്ച ചരിത്രം ലോകപ്രശസ്തമാണ്‌. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം

വനാന്തരത്തിലെ ക്ഷേത്രം ചൈതന്യവത്തായതിനു പിന്നില്‍ ചെമ്മങ്ങാട്‌ നരസിംഹന്‍ ഭട്ടതിരിയുടെ സേവയാലാണ്‌. വേദമുറ അഭിഷേകത്താല്‍ ക്ഷേത്രവും പ്രദേശവും ഐശ്വര്യത്താല്‍ നിറഞ്ഞു. ഇന്നും ചോറ്റാനിക്കര ക്ഷേത്രം മഹാക്ഷേത്രത്തിന്റെ മാറ്റില്‍ തിളങ്ങിനില്‍പ്പാണ്‌. ചോറ്റാനിക്കര ഗ്രാമത്തിന്റെ ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചോറ്റാനിക്കര ക്ഷേത്രം എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്നത് മേൽക്കാവ് ക്ഷേത്രമാണ്. രണ്ടേക്കറോളം വിസ്തീർണ്ണം വരുന്ന മതിലകത്തോടുകൂടിയ ഈ ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. എന്നാൽ, ആ ഭാഗത്ത് റോഡിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. പടിഞ്ഞാറേ നടയിലാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനകവാടം.  അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ വിശേഷിച്ചൊന്നും കാണേണ്ടതില്ല. കിഴക്കേ നടയിൽ വലിയ ആനക്കൊട്ടിൽ പണിതിട്ടുണ്ട്. ഏകദേശം നാലഞ്ചാനകളെ അണിനിരത്തി എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഈ ആനക്കൊട്ടിലിലുണ്ട്. ക്ഷേത്രത്തിൽ  ചോറൂണ്,  തുലാഭാരം,  ഭജന തുടങ്ങിയവ നടത്തുന്നതും ഇവിടെയാണ്. ഇതിനപ്പുറത്താണ് ദേവീവാഹനമായ  സിംഹത്തെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം നിലകൊള്ളുന്നത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അധികം പൊക്കമുള്ള ബലിക്കല്ലല്ല ഇവിടെയുള്ളത്. അതിനാൽ, ആനക്കൊട്ടിലിൽ നിന്നുനോക്കിയാൽ തന്നെ ശ്രീകോവിലിനുള്ളിലെ വിഗ്രഹം കാണാം.

മേൽക്കാവിലെ പ്രദക്ഷിണവഴി കരിങ്കല്ല് പാകിയിട്ടുണ്ട്. ഇതിന്റെ മുകളിലൂടെ ശീവേലിപ്പുരയും കാണാം. തെക്കുഭാഗത്താണ് ശ്രീമൂലസ്ഥാനം സ്ഥിതിചെയ്യുന്നത്. മഹാലക്ഷ്മി ആദ്യം കുടിയിരുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈ പേരുവന്നത്. ഐതിഹ്യപ്രകാരം കണ്ണപ്പന്റെ തൊഴുത്തും കാവുമായിരുന്ന സ്ഥലമാണ് ഈ ശ്രീമൂലസ്ഥാനം. ഇവിടെ ഒരു പവിഴമല്ലി മരമുണ്ട്. അതിനാൽ ഇവിടം 'പവിഴമല്ലിത്തറ' എന്നും അറിയപ്പെടുന്നു. ഇവിടെ തൊഴുതുവേണം ദേവിയെ തൊഴാൻ എന്നാണ് ആചാരം. നാരായണനോടൊപ്പം മഹാലക്ഷ്മി ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ് എന്ന് സങ്കല്പം. അതിനാൽ ഇവിടെ പ്രാർഥിക്കുന്നത് ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം. നവരാത്രിക്കാലത്ത് പവിഴമല്ലിത്തറയിൽ നടക്കുന്ന ചെണ്ടമേളം  പ്രസിദ്ധമാണ്.

ശ്രീമൂലസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശിവനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണിവിടെയുള്ളത്. ശിവന്റെ ശ്രീകോവിലിനോടുചേർന്ന് പണിതിട്ടുള്ള ഒരു കൊച്ചു മുറിയിലാണ് ഗണപതിവിഗ്രഹമുള്ളത്. അതിനാൽ ഈ ഗണപതി ഭാവം ഒക്കത്ത് ഗണപതി എന്ന പേരിൽ അറിയപ്പെടുന്നു. അരയടി മാത്രമാണ് ഗണപതി വിഗ്രഹത്തിന്റെ ഉയരം. ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ശിവന്റെ ശ്രീകോവിലിന് തൊട്ടടുത്ത് മേൽക്കൂരയില്ലാത്ത തറയിൽ നാഗദൈവങ്ങളുടെയും യക്ഷിയുടെയും പ്രതിഷ്ഠകൾ കാണാം. ഈ യക്ഷി ഗുപ്തൻ നമ്പൂതിരിയെ ആക്രമിച്ച യക്ഷി തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. വടക്കുപടിഞ്ഞാറേ മൂലയിലെ ഒരു തറയിലാണ് രക്ഷസ്സുകളുടെ സാന്നിദ്ധ്യം. ശിവലിംഗ രൂപത്തിലും കണ്ണാടിരൂപത്തിലുമാണ് ഇവരുടെ വിഗ്രഹങ്ങളുള്ളത്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് മതിൽക്കെട്ടിന് പുറത്തായി ഒരു അന്നദാനമണ്ഡപം കാണാം. ക്ഷേത്രത്തിൽ നിത്യേന അന്നദാനം നടന്നുവരുന്നുണ്ട്. ആയിരങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.

അങ്ങനെ ചുറ്റമ്പലത്തിലൂടെ ഒരു പ്രദിക്ഷണം കഴിഞ്ഞ് നമ്മൾ കൊടിമരത്തിൻ്റെ വലത് വശത്ത് കൂടി നാലമ്പലത്തിൽ പ്രവേശിക്കുന്നു. ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്. ഒരു നില മാത്രമേ ഇതിനുള്ളൂ. അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മൂന്നടിയോളം ഉയരം വരുന്ന രുദ്രാക്ഷശിലാനിർമ്മിതമായ സ്വയംഭൂവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീ ചോറ്റാനിക്കരയമ്മ വാഴുന്നു. സ്ഥിരമായ ആകൃതിയില്ലാത്ത ഒരു ശിലാഖണ്ഡത്തിൽ ദേവിയെ ആവാഹിച്ചിരിയ്ക്കുകയാണ്. അതിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. രത്നപീഠത്തിൽ കാലുകൾ രണ്ടും താഴോട്ട് തൂക്കിയിരിയ്ക്കുന്ന, ചതുർബാഹുവായ ദേവിയാണ് ഇവിടെ പ്രതിഷ്ഠ. പുറകിലെ വലതുകയ്യിൽ ശ്രീചക്രവും പുറകിലെ ഇടതുകയ്യിൽ ശംഖും കാണാം. മുന്നിലെ വലതുകൈ ഭക്തരുടെ ദുഃഖങ്ങൾ സ്വീകരിയ്ക്കാനായി താഴ്ത്തിവച്ചിരിയ്ക്കുന്നു. മുന്നിലെ ഇടതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്നു. ഈ രൂപത്തിലാണ് ചോറ്റാനിക്കരയമ്മയുടെ രൂപം ചിത്രീകരിച്ചിട്ടുള്ളത്.

ദേവീവിഗ്രഹത്തിനടുത്തായി അതേ ഉയരത്തിൽ മറ്റൊരു ശിലാഖണ്ഡം കാണാം. അത് മഹാവിഷ്ണുസാന്നിദ്ധ്യമാണ്. രണ്ടും ഒരേ പീഠത്തിൽ ഉറച്ചുനിൽക്കുന്നു. അതിനാൽ, ലക്ഷ്മീനാരായണസങ്കല്പം ഇവിടത്തെ മൂർത്തിയ്ക്ക് ഉയർന്നു വരുന്നു. ദേവിയോടൊപ്പം സ്വയംഭൂവായി അവതരിച്ച ഭഗവാന്റെ രൂപം കൃഷ്ണശിലയിലാണ്. മൂന്നരയടിയിലധികം ഉയരമുള്ള ഈ വിഗ്രഹത്തിനും വ്യക്തമായ ആകൃതിയില്ല. എന്നാൽ, ശംഖചക്രഗാപത്മധാരിയായ ഭാവത്തിലുള്ള ഭഗവാന്റെ ഒരു ഗോളക ഇതിനും ചാർത്തിയിട്ടുണ്ട്. പാൽപ്പായസം, തൃക്കൈവെണ്ണ, സഹസ്രനാമാർച്ചന, തുളസിമാല തുടങ്ങിയവയാണ് ഭഗവാന്റെ പ്രധാന വഴിപാടുകൾ. ഇവിടെയെത്തുന്ന ഭക്തർ 'അമ്മേ നാരായണാ, ദേവീ നാരായണാ" എന്നീ മന്ത്രങ്ങളാണ് ജപിയ്ക്കാറുള്ളത്. കൂടാതെ ബ്രഹ്മാവ്, ശിവൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നിവരും ഈ ശ്രീകോവിലിൽ കുടികൊള്ളുന്നു. ശ്രീകോവിലിന് നേരെമുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിരിയ്ക്കുന്നു. നാലുകാലുകൾ മാത്രമുള്ള വളരെ ചെറിയൊരു മണ്ഡപമാണ് ഇവിടെയുള്ളത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മണ്ഡപത്തിൽ പാട്ട് നടക്കുന്നത് ഇവിടെയാണ്.

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. താരതമ്യേന വളരെ സ്ഥലം കുറവാണ് നാലമ്പലത്തിൽ. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശന കവാടത്തിനിരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിൽ ഹോമപ്പുരയും വടക്കേ വാതിൽമാടത്തിൽ പാട്ടുപുരയും സ്ഥിതിചെയ്യുന്നു. ഭക്തർ നാമജപത്തിനും വിശ്രമത്തിനും വാതിൽമാടങ്ങൾ ഉപയോഗിയ്ക്കുന്നുണ്ട്. തെക്കുകിഴക്കേ മൂലയിൽ പതിവുപോലെ  തിടപ്പള്ളി പണിതിട്ടുണ്ട്. വടക്കുകിഴക്കേ മൂലയിൽ ക്ഷേത്രക്കിണറും കാണാം. കിണറിന് തൊട്ടടുത്തായി ഒരു ചെറിയ ശ്രീകോവിലിൽ അമ്പും വില്ലും ധരിച്ച കിരാതശാസ്താവിൻ്റെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഈ ക്ഷേത്രം വടക്കുകിഴക്കേ മൂല മൊത്തം കയ്യടക്കി വച്ചിട്ടുണ്ട്. ഇവിടെയും നീരാജനമാണ് പ്രധാനം. കൂടുതൽ പഴക്കമുള്ള ശാസ്താ ക്ഷേത്രം ഇതാണ്. ശ്രീകോവിലിനകത്തും ഗണപതി പ്രതിഷ്ഠയുണ്ട്. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിലാണ് ദേവസേനാപതിയും ശിവപാർവ്വതീപുത്രനുമായ സുബ്രഹ്മണ്യസ്വാമി കുടികൊള്ളുന്നത്. ഇവിടെ ഭഗവാന് വിഗ്രഹമില്ല സങ്കല്പം മാത്രമേയുള്ളൂ. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ ചോറ്റാനിക്കരയമ്മ ലോകമാതാവായി, സ്വയംഭൂവായി കുടികൊള്ളുന്നു. നാലമ്പല ദർശനം കഴിഞ്ഞു നേരേ കീഴ്ക്കാവിൽ അമ്മയുടെ സന്നിധിയിലേക്ക് ഒരു യാത്ര.

കിഴക്കേ നടയിൽ നിന്ന് 57 കരിങ്കൽപ്പടികൾ ഇറങ്ങിയാൽ കീഴ്ക്കാവിലെത്താം. കീഴ്ക്കാവിലേയ്ക്കുള്ള വഴിയിൽ വടക്കുഭാഗത്ത് ഒരു നക്ഷത്രവനം നട്ടുപിടിപ്പിച്ചിട്ടുണ്ട്. 27 നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ യഥാക്രമത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഇവിടെ ആരാധന നടത്തുന്നത് വിശേഷമായി കാണപ്പെടുന്നു. വഴിയുടെ തെക്കുഭാഗത്ത് ഒരു കൊച്ചു ധർമ്മശാസ്താക്ഷേത്രമുണ്ട്. പൂർണ്ണ, പുഷ്കല എന്നീ പത്നിമാർക്കൊപ്പമുള്ള ശാസ്താവാണിവിടെ. കിഴക്കോട്ട് ദർശനം. ശിവലിംഗരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളാണ് പൂർണാപുഷ്കലാസമേതനായ ശാസ്താവിനെ പ്രതിനിധീകരിയ്ക്കുന്നത്.  ഭഗവതിയുടെ അംഗരക്ഷകന്റെ സ്ഥാനമാണ് ഇവിടെ ശാസ്താവിന് നൽകുന്നത്. അതിനാൽ, ഉത്സവനാളുകളിൽ ഭഗവതി എഴുന്നള്ളുമ്പോൾ ശാസ്താവ് കൂടെയുണ്ടാകും. ഇവിടെ നിന്ന് ഒരല്പം മാറിയാണ് ക്ഷേത്രത്തിലെ വെടിപ്പുര. വെടിവഴിപാട് ഇവിടെ ദേവിയ്ക്ക് പ്രധാനമാണ്. ഇവിടെ നിന്ന് ഒരല്പം കൂടി പടികളിറങ്ങിയാൽ കീഴ്ക്കാവിലെത്താം.

ഒരു കൊച്ചുക്ഷേത്രമാണ് കീഴ്ക്കാവ്. തൊട്ടുമുന്നിൽ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. രണ്ട് ക്ഷേത്രങ്ങൾക്കും ഒന്നിച്ചാണ് കുളം. സാമാന്യം വലിപ്പമുള്ള കുളമാണിത്. കീഴ്ക്കാവ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. സംഹാരരുദ്രയായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഒരടി ഉയരമുള്ള ചതുർബാഹു കാളിവിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുംഭമാസത്തിലെ മകം നാളിൽ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണ് കീഴ്ക്കാവിലമ്മയെ എന്ന് വിശ്വസിച്ചുവരുന്നു. ദേവിയുടെ പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ കൈവട്ടകയും കാണാം. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതിപൂജ നടക്കുന്നത് ഇവിടെയാണ്. ഗുരുതിവേളയിൽ  കാളിയെ അത്യുഗ്രമൂർത്തിയായ പ്രത്യുൻഗിരാഭാവത്തിൽ താന്ത്രികർ കാണുന്നു. കടുത്ത ദുരിതങ്ങൾ പോലും ദേവീ കോപത്താൽ ദഹിച്ചു പോകും എന്നാണ് വിശ്വാസം. അതിനാൽ മാനസികപ്രശ്നം ഉള്ളവരെയും, ലഹരിയ്ക്ക് അടിമയായവരെയും, കടുത്ത സ്വഭാവദൂഷ്യമുള്ളവരെയും ബന്ധുക്കൾ ഇവിടെ കൊണ്ടുവന്നു ഗുരുതിപൂജ നടത്തിച്ച് ഭജനമിരുത്താറുണ്ട്. കീഴ്ക്കാവിലമ്മയുടെ ശ്രീകോവിലിന്റെ വടക്കുകിഴക്കുഭാഗത്ത് ഒരു പാലമരമുണ്ട്. അവിടെ ധാരാളം ആണികൾ അടിച്ചുവച്ചിട്ടുണ്ട്. ബാധോപദ്രവക്കാരെ കൊണ്ടുവന്ന ശേഷം അവരെ പിടികൂടിയിരിയ്ക്കുന്ന ബാധയെ ദേഹത്തുനിന്ന് ഒഴിപ്പിയ്ക്കുകയും തുടർന്ന് അവയെ സത്യം ചെയ്യിയ്ക്കുകയും ചെയ്യുന്ന ചടങ്ങുണ്ട്. ഇതിനുശേഷമാണ് ഇവയെ തളയ്ക്കുന്നത്. പാലമരത്തിൽ ആണിയടിച്ചു കൊണ്ടാണ് ഈ കർമ്മം നടത്തുന്നത്. ഇത്തരം ആണികളാണ് ഈ പാലമരത്തിലുള്ളത്. പാലമരത്തിൽ തന്നെ ധാരാളം കളിപ്പാവകളുടെയും കളിപ്പാട്ടങ്ങളുടെയും രൂപങ്ങളും കാണാം. ഇവയും ബാധോപദ്രവത്തിന്റെ സൂചനകളാണ്. ഇതിനടുത്ത് ഒരു അരയാൽമരമുണ്ട്.

തുടരും...