ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം.


കേരളത്തിലെ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം നഗരത്തിൽ കിഴക്കേ കോട്ടയ്ക്കു സമീപം നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന വഞ്ചിയൂരാണ് ഈ മഹാദേവക്ഷേത്രം. അനന്തപുരിയിലെ പുകൾപെറ്റ ക്ഷേതങ്ങളിൽ പ്രധാനമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. 5-ആം നൂറ്റാണ്ടിന് മുൻപ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നു വെന്ന് വിശ്വാസം.

രണ്ടു ശ്രീകണ്ഠേശ്വരം ക്ഷേത്രമുണ്ടിവിടെ, പഴയ ശ്രീകണ്ഠേശ്വരവും, പുതിയ ശ്രീകണ്ഠേശ്വരവും. പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പരശുരാമൻ പ്രതിഷ്ഠ നടത്തിയത് പഴയ ശ്രീകണ്ഠേശ്വരത്താണ്. ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.

ഉപദേവന്മാർ
**************
* അയ്യപ്പൻ
* ഗണപതി
* ശ്രീകൃഷ്ണൻ
* നാഗരാജാവ്
* ദുർഗ്ഗാദേവി; ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി    ദുർഗ്ഗാക്ഷേത്രം സ്ഥിതിചെയ്യുന്നു.
* ഹനുമാൻ
* സുബ്രഹ്മണ്യൻ

ധനു മാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.