കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ അമരവിള എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന മഹാദേവ ക്ഷേത്രമാണ് രാമേശ്വരം മഹാദേവക്ഷേത്രം. കേരളത്തിൽ സ്ഥിതിചെയ്യുന്ന 108 ശിവാലയങ്ങളിലെ ഏറ്റവും ദക്ഷിണദേശത്തുള്ള ക്ഷേത്രമാണിത്. പരശുരാമൻ സ്ഥാപിച്ചു എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് .
പരശുരാമ പ്രതിഷ്ഠിതമെങ്കിലും, ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് ശ്രീരാമനാണ് എന്ന് കരുതുന്നു. ശ്രീരാമൻ വനവാസ കാലത്ത് ഇവിടെ വന്നു ശിവലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം. രാമേശ്വരം എന്ന സ്ഥലനാമത്തിനു പിന്നിലെ ഐതിഹ്യവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കിഴക്കോട്ടാണ് ദർശനം അരുളിയാണ് ഇവിടെ മഹാദേവൻ വാണരുളുന്നത്.
അഗസ്ത്യമുനി ഒരിക്കൽ ലോക നൻമയ്ക്കായി ഒരു യാഗം നടത്തുകയുണ്ടായി. ഈ യാഗത്തിന് കാവലാളായി ശ്രീരാമ ഭഗവാൻ തന്നെ നിന്നു. യാഗത്തിന് ഇടയിൽ അഗസ്ത്യമുനിയുടെ കമണ്ഡലം മറിഞ്ഞു വീണു. അതിനുള്ളിലെ കൃതം(നെയ്യ്) പശ്ചിമസാഗരം വരെ ഒഴുകി, ഇതിനെ തടഞ്ഞു നിർത്തുവാൻ ശ്രീരാമഭവാന് സാധിച്ചില്ല. ഇതിൽ വിഷമം തൊന്നിയ ശ്രീരാമൻ നെയ്യ് ഒഴുകിയതിന്റെ തീരത്ത് മണൽ കൊണ്ട് ശിവലിംഗം ഉണ്ടാക്കുകയും അവിടെ വച്ച് പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് ഇവിടെ പരശുരാമൻ ശിലാ പ്രതിഷ്ഠ നടത്തുകയായിരുന്നു. അതിനാൽ രണ്ട് രാമനാൽ പ്രതിഷ്ഠിതമായ ശിവലിംഗ ദർശനമാണ് നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത്. ഇങ്ങനെ രണ്ടു രാമനാൽ ശിവചൈതന്യം നിറഞ്ഞ ഈ പുണ്യഭൂമി രാമേശ്വരം ആയിമാറി.