മധുര മീനാക്ഷി ക്ഷേത്രം




തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാർവതീദേവി "മീനാക്ഷിയായും", തൻ്റെ പതിയായ ഭഗവാൻ ശിവശങ്കരൻ "സുന്ദരേശനായും" ഇവിടെ വാണരുളുന്നു. മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് ഇത്. മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്.

പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്.  നാലായിരത്തി അഞ്ഞൂറോളം തൂണുകളാൽ ഉയര്‍ന്ന് നില്‍ക്കുന്നു ഈ ക്ഷേത്രം. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിൻ്റെ ഉയരം 51.9 മീറ്ററാണ് ആണ്. 1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്.  1216 - 1238 കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്.  ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. ഒരോ നിലയിലും കല്ലിൽ തീർത്ത അനവധി ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000 - ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ദ്രാവിഡ  വാസ്തുവിദ്യയുടെ  മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടർന്ന് ശിവ ഭക്തനായ ഇന്ദ്രൻ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.

ആയിരംകാൽ മണ്ഡപം
കിഴക്കേഗോപുരം കടന്ന് അഷ്ടശക്തി മണ്ഡപത്തിലൂടെയാണ് ക്ഷേത്രത്തിലേക്കു പ്രവേശനം നടത്തേണ്ടത്. അതിന്റെ കവാടത്തിൽ മീനാക്ഷി കല്യാണം കൊത്തിവെച്ചിട്ടുണ്ട്. ചുറ്റിലും ശില്പങ്ങളും ചിത്രങ്ങളും ചിത്രത്തൂണുകൾ നിറഞ്ഞ മണ്ഡപങ്ങളും. അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കടഞ്ഞ തൂണുകൾ ആണ് ഇവിടെയുള്ളത്. പല കാലങ്ങളിൽ പല രാജാക്കാന്മാരാൽ പണിതതാണെങ്കിലും ക്ഷേത്രശൈലിയിൽ അവ പൂർണമായും ലയിച്ചുനിൽക്കുന്നു.

മഹാദേവനായ സുന്ദരേശ്വരനെ വണങ്ങുന്നതിനു മുമ്പ് അമ്മൻ കോവിലിൽ ദർശനം നടത്തണം. സ്വർണത്താമര വിരിഞ്ഞു നിൽക്കുന്ന പൊൻതാമരക്കുളത്തിന്റെ ഇടതുഭാഗത്തായാണ് മീനാക്ഷി സന്നിധി.
ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ വലിയ കുളമാണ് ഇത്. 165 അടി നീളവും 135 അടി വീതിയുമാണ് ഈ കുളത്തിനുള്ളത്. 1569- ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ഈ കുളത്തിന് ചുറ്റുമുള്ള അറുപത്തിനാലു തിരുവിളയാടലുകളുടെ ചിത്രങ്ങളും കാണേണ്ടതാണ്. പിന്നെ ഊഞ്ഞാൽ മണ്ഡപവും കിളിക്കൂട്ടു മണ്ഡപവും.

ശ്രീകോവിലിൽ കേശഭാരത്തെ ഇടതുവശത്തേക്ക് കെട്ടിയൊരുക്കി മന്ദസ്മിതവുമായി മരുവുന്ന ദേവിയെ ദർശിക്കാം. വലംകൈയിൽ മലരും പച്ചക്കിളിയുമേന്തി ഇടംകൈ നൃത്തവടിവിൽ തൂക്കിയിട്ട് ലാസ്യഭാവത്തിൽ നിൽക്കുന്ന മധുര മീനാക്ഷി. സുന്ദരമിഴികളിൽ കാരുണ്യം.

ദേവീ ദർശനത്തിന് ശേഷം എട്ടടി വലിപ്പമുള്ള മുക്കുർണി വിനായകനെ വണങ്ങി വേണം സുന്ദരേശ്വരസവിധത്തിലേക്ക് പ്രവേശിക്കാൻ. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ മഹാദേവൻ തന്നെയാണ്. ആ മഹാദേവൻ സുന്ദരേശ്വരൻ എന്ന നാമത്തിൽ അറിയപ്പെടുന്നു. അധികാര നന്ദിയെയും ചാമുണ്ഡിയെയും വണങ്ങി വെള്ളിയമ്പലത്തിൽ നൃത്തം ചെയ്യുന്ന നടരാജനെയും വണങ്ങാം. എട്ടാനകളും മുപ്പത്തിരണ്ട് സിംഹങ്ങളും അറുപത്തിനാല് ഭൂതഗണങ്ങളുമുള്ള ഇന്ദ്രവിമാനമാണ് ഗർഭഗൃഹം. അവിടെ സ്വയംഭൂലിംഗരൂപത്തിൽ ചൊക്കനാഥ സ്വാമി. വടക്കേ ഗോപുരത്തിനരികിലുള്ള സംഗീതസ്തൂപങ്ങളാണ് മറ്റൊരു അദ്ഭുതം. ക്ഷേത്രത്തിനുള്ളിൽ നിരവധി മണ്ഡപങ്ങൾ ഉണ്ട്. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡപം, തുടങ്ങി നിരവധി മണ്ഡപങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. മുഴുവൻ ചുറ്റിക്കാണാൻ നാലു മണിക്കൂറെങ്കിലും വേണം. ശില്പവൈഭവങ്ങൾ ആസ്വദിക്കാൻ അത്രനേരമെങ്കിലും കുറഞ്ഞത് വേണം. വൈകുന്നേരമാണ് ക്ഷേത്രാന്തരീക്ഷത്തിന്റെ സകലഭംഗികളും ആസ്വദിക്കാൻ നല്ലത്.

എല്ലാദിവസവും രാത്രിയിൽ നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഇവിടെ ഏറെ സുന്ദരം. മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.


ഐതിഹ്യം
**************

ആദിപരാശക്തിയായ പാർവതി ദേവിയുടെ ഒരു അവതാരമാണ് "മീനാക്ഷി". മത്സ്യക്കണ്ണുള്ളവൾ  എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ  അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം. നമുക്ക്  ഐതിഹ്യത്തിൽ കടക്കാം.

ദേവദേവനായ ഇന്ദ്രന് പണ്ട് ബ്രഹ്മഹത്യാപാപം ഏൽക്കേണ്ടിവന്നു. പാപമോചനത്തിനായി പലയിടത്തും തപസ്സ് ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. അങ്ങനെയിരിക്കെ മധുരയിലെ കദംബവനത്തിലൂടെ പോവുമ്പോൾ പെട്ടെന്ന് പാപമോചനം ലഭിച്ചതായി തോന്നി. അടുത്തുള്ള കദംബവൃക്ഷച്ചുവട്ടിൽ ഒരു സ്വയംഭൂ വിഗ്രഹവും കാണപ്പെട്ടു. ഇന്ദ്രൻ ആ വിഗ്രഹത്തെ സുവർണകമലങ്ങൾ കൊണ്ട് അർച്ചിക്കുകയും അവിടെയൊരു മകുടം പണിയുകയുംചെയ്തു. പിന്നീട് ദേവലോകത്തേക്ക് മടങ്ങി.

പിന്നീട് ഒരു യാത്രാമധ്യേ ധനഞ്ജയൻ എന്ന വ്യാപാരി കാട്ടിൽ വിശ്രമിക്കുമ്പോൾ രാത്രിയിൽ അപൂർവമായ ചില വാദ്യഘോഷങ്ങൾ കേട്ടു. ഉണർന്നു നോക്കിയപ്പോൾ കദംബവൃക്ഷച്ചുവട്ടിൽ ദീപാലങ്കാരങ്ങൾ കണ്ടു. അദ്ദേഹം ഈ വിവരം കുലശേഖര പാണ്ഡ്യരാജാവിനെ അറിയിച്ചു. അദ്ദേഹമാണിവിടെ ക്ഷേത്രവും നഗരവും സ്ഥാപിച്ചതെന്നാണ് ഐതിഹ്യം.
ഈ രാജാവിന്റെ പിൻഗാമിയായ വന്ന മാവവ്യധ്വജന് കുട്ടികളുണ്ടായരുന്നില്ല. അങ്ങനെ നടത്തിയ പുത്രകാമേഷ്ടി യാഗത്തിന്റെ ഫലമായി രണ്ടാം  പാണ്ഡ്യരാജാവായ  മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.

യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജാവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു. ശിവന്റെ കൂടെ മധുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി - സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും  തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം എന്ന പേരിൽ ആഘോഷിക്കുന്നു. മീനാക്ഷിയായി അവതാരമെടുത്ത പാർവ്വതിയുടേയും സുന്ദരേശ്വനായ ശിവന്റേയും വിവാഹം നടത്തിക്കൊടുത്തത് വിഷ്ണു ആണെന്ന് ഒരു ഐതിഹ്യവും ഉണ്ട്..

ഭൂഗോൾ ചക്രം
****************

അവിടെ കാണാവുന്ന "ഭൂഗോൾ ചക്രയിലാണ്" അന്തരീക്ഷത്തിലെ "ഓസോണിന്റെ" സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഭാരതീയർ  ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നു വെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഭാരതത്തിനുണ്ട്.