കേരളത്തിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് കുളത്തൂർ ശ്രീ ഫണമുഖത്ത് ദേവീ ക്ഷേത്രം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ നെയ്യാറിന്റെ ശീതള സാന്തനസലിലം അറബിക്കടലിലേക്ക് ഒഴുകുന്ന പുഴയുടെ കിഴക്കേക്കരയിൽ മഹാദേവനായ ശ്രീ പരമശിവന്റെ അഞ്ച് മഹാക്ഷേത്രങ്ങളുടെ മദ്ധ്യഭാഗത്തായി ആശ്രീത ലക്ഷങ്ങൾക്ക് അഭയമരുളി പരമോദാരകൃപാവർഷിയായി സർവ്വമംഗള മംഗല്യയും സർവ്വാർദ്ധ സാധികയുമായ കുളത്തൂർ ഫണമുഖത്തമ്മ ഭക്തജനങ്ങൾക്ക് അനുഗ്രഹ ആശിസുകൾ ചൊരിഞ്ഞു നൂറ്റാണ്ടുകളായി വിരാജിക്കുകയാണ്. ഈ ക്ഷേത്രത്തിന് ഏകദേശം മുന്നൂറ് സംവത്സര പഴക്കം ഉണ്ട്. ഇവിടെത്തെ പ്രധാന പ്രതിഷ്ഠ മൂത്തദേവിയായ ശ്രീഭദ്രകാളിയും ഇളയദേവിയായ ശ്രീ ദുർഗ്ഗാദേവിയും ആണ്. ഇവിടെ രണ്ട് ദേവിയുടെയും മുടികൾ (ബിംബം) ആണ് ഉള്ളത്. മുടികൾ നിർമ്മിച്ചിരിക്കുന്നത് വരിക്കപ്ലാവിന്റെ തടിയും പഞ്ചലോഹങ്ങളും കൊണ്ടാണ്. കൂടാതെ ഇതിൽ രത്നക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ മഹാദേവൻ, ഗണപതി, നാഗർ, യോഗീശ്വരൻ, മന്ത്രമൂർത്തി, മാടൻതമ്പുരാൻ തുടങ്ങിയ ഉപപ്രതിഷ്ഠകളും ഉണ്ട്.
ദേവിയുടെ ശ്രീകോവിലിനുള്ളിൽ ദേവിമാരുടെ ത്രിശൂലങ്ങളും പലതരത്തിലുള്ള വാളുകളും ചിലമ്പുകളും കണ്ണാടിയും കലമാൻകൊമ്പും സൂക്ഷിച്ചിട്ടുണ്ട്. ദേവിമാർക്കുള്ള മയിൽപ്പീലികൾ കൊണ്ടുണ്ടാക്കിയ രണ്ട് വെൺ ചാമരങ്ങളും ദേവിമാർക്ക് ഇരിക്കാനുള്ള പീഠങ്ങളും അലങ്കാരവിളക്കുകളും കവരവിളക്കുകളും ഉണ്ട്. കൂടാതെ ദേവീഭക്തർ നടക്കുവച്ചിട്ടുള്ള അനേകായിരം വർണ്ണ വിസ്മയങ്ങൾ അടങ്ങിയ മുത്തുക്കുടകളും ദേവിയുടെ വിജയശ്രീ കൊടികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ശ്രീകോവിലിൽ നിന്ന് അൽപം ഇടവിട്ട് നമസ്കാര മണ്ഡപവും സ്ഥിതി ചെയ്യുന്നു.
ഭദ്രകാളി ക്ഷേത്രങ്ങളിൽ വടക്ക് ദർശനം വരുന്നത് സവിശേഷതയാണെന്ന് തന്ത്രശാസ്ത്രം പറയുന്നു. വടക്ക് ദർശനമുള്ള ക്ഷേത്രങ്ങളിൽ ദേവീ ചൈതന്യം വർദ്ധിക്കും, അതുമൂലം ദേവിയുടെ അനുഗ്രഹവും ശക്തിയും വർദ്ധിക്കും. അതുപോലെ ദേവി വടക്ക് ദർശനത്തിലാണ് ഈ ക്ഷേത്രത്തിലും. ശ്രീകോവിലിന് വടക്കും കിഴക്കും വാതിലുകൾ ഉണ്ട്. വടക്കേനടയിലൂടെ ദർശിക്കുമ്പോൾ ദേവിമാരുടെ അഭിമുഖദര്ശനഭാഗ്യവും കിഴക്കേനടയിലൂടെ ദർശിക്കുമ്പോൾ ദേവിമാരുടെ ത്രിശൂലദർശനഭാഗ്യവും സിദ്ധിക്കുന്നു.
ഈ ക്ഷേത്രത്തിൽ ദിവസവും മൂന്ന് നേരത്തെ പൂജകളും യഥാക്രമം നടത്തുന്നു. ഇവിടെ ഭരണിപൂജയുടെ അന്ന് ഭഗവതിസേവയും പർണ്ണമി പൂജയുടെ അന്ന് ഐശ്വര്യ പൂജയും നടത്തുന്നു. വർഷത്തിൽ ഒരു പ്രാവശ്യം ഇവിടെ പെരുംപൂജ നടത്തുന്നു. ഇവിടെത്തെ പ്രധാന ഉത്സവങ്ങൾ വർഷംതോറും കുംഭമാസത്തിലെ ഭരണി നാളിൽ നടത്തുന്ന നേർച്ചതൂക്കവും മകര മാസത്തിലെ രേവതി നാളിൽ നടത്തുന്ന പുനപ്രതിഷ്ഠാ വാർഷികവും മേടം ഒന്നിന് നടത്തുന്ന വിഷു പൊങ്കാലയും ക്ഷേത്രത്തിലെ ആചാര വിധിപ്രകാരം ആറ് വർഷത്തിൽ ഒരിക്കൽ നടത്തുന്ന പറണേറ്റ് മഹോത്സവവും ആണ്.
ഒരു ശ്രീകോവിലിനുള്ളിൽ ഭദ്രകാളീ ദേവിയേയും ദുർഗ്ഗാദേവിയേയും തുല്യ പ്രാധാന്യത്തിൽ പൂജിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കുളത്തൂർ ശ്രീ ഫണമുഖത്ത് ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ വടക്കു കിഴക്കുമാറി ദേവി നീരാടാൻ പോയതായിട്ടുള്ള നീരാഴി (കുളം) ക്ഷേത്രക്കുളമായി സംരക്ഷിച്ചു പോരുന്നു.
ഫണമുഖത്തമ്മയുടെ ദീപാരാധന സമയത്ത് ശ്രീകോവിലിനുള്ളിൽ നിന്നുള്ള മന്ത്രധ്വനികളും, മണിശംഖിന്റെയും കരടിവാദ്യങ്ങളുടേയും നാദങ്ങൾ കതിനിമ്പമേറുമ്പോൾ, ദേവീ വിഗ്രഹത്തിനു മുന്നിൽ ഉയർന്നു പൊങ്ങുന്ന ദീപനാളങ്ങൾ കാണുന്ന ഭക്തരിൽ സായുജ്യം നിറയുകയും മനസ്സിൽ ശാന്തി ലഭിക്കുന്നതും തൊട്ടറിയാൻ സാധിക്കുന്നു.
🌹🌹ഓം ശ്രീ ഫണമുഖത്തമ്മേ ശരണം🌹🌹
അമ്മയെ കാണുമ്പോൾ കണ്ണിനു പുണ്യം
ആനാമം കേൾക്കുമ്പോൾ കാതിനു പുണ്യം
നിൻ നാമം ചൊല്ലുമ്പോൾ നാവിനു പുണ്യം
അമ്മതൻ ദർശനം എത്രപുണ്യം....🌹