കൊല്ലൂരിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റർ മാത്രം യാത്ര ചെയ്ത് എത്താവുന്ന ഒരു ക്ഷേത്രമാണ് മുരുഡേശ്വർ. യാത്ര വേളയിൽ ചിലയിടങ്ങളിൽ അങ്ങ് ദൂരെ അറബിക്കടൽ ഇളം നീല സാരിപുതച്ചു കിടക്കുന്നത് കാണാം. ഉത്തര കന്നട ജില്ലയുടെ ഭട്ക്കൽ താലൂക്കിലാണ് മുരുഡേശ്വരം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ സാന്നിധ്യം തന്നെയാണ് പേരിന്റെ ഉത്ഭവത്തിനും കാരണം. ലോകത്തിലെ തന്നെ ഉയരം കൊണ്ട് രണ്ടാം സ്ഥാനത്തുള്ള ശിവ പ്രതിമ ആണത്രേ ഇവിടെയുള്ളത്. വർഷങ്ങൾക്ക് മുമ്പ് വെറുമൊരു അരയ ഗ്രാമം മാത്രമായിരുന്നു മുരുഡേശ്വർ. ആർ എൻ ഷെട്ടി എന്ന മനുഷ്യ സ്നേഹിയുടെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് മുരുഡേശ്വർ ക്ഷേത്രം ഉയർന്നു പൊങ്ങുന്നത്. അറബികടലിന്റെ തീരത്ത് കടലിന് മുകളിലായി തന്നെ ഇത്തരമൊരു അദ്ഭുതം സൃഷ്ടിച്ചത് ഈ നാടിന്റെ തന്നെ തലവര മാറ്റുകയായിരുന്നു. 20 നിലകൾ ഉള്ള ക്ഷേത്ര ഗോപുരവും ക്ഷേത്രത്തിനും മൊപ്പം ലോകത്തെ ഞെട്ടിച്ച ശിവപ്രതിമയുണ്ടാക്കിയപ്പോൾ അത് സഞ്ചാരികളെ ആകർഷിച്ച ഒരിടമായി മാറി..
മൃഡേശ്വരനാണ് ഇവിടുത്തെ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന്റെ മുന്നിലായി കോൺക്രീറ്റിൽ തീർത്ത രണ്ട് ഗജവീരന്മാരുണ്ട്. അവിടെ നിന്നും കടക്കുന്നത് വലിയൊരു ഗോപുരത്തിലേക്കാണ്, രാജഗോപുരം. ഈ പടുകൂറ്റൻ ഗോപുരത്തിലൂടെ ക്ഷേത്രത്തിനകത്തേക്ക് പോകാം. കരിങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിൽ പടികടന്നെത്താം. മുഖ്യ പ്രതിഷ്ഠ ഇരിക്കുന്ന ശ്രീകോവിലിന് ചുറ്റും നിറയെ ഉപദൈവങ്ങളുണ്ട്. ശ്രീകോവിലിന് മുന്നിലായി നന്തിമണ്ഡപം സ്ഥിതിചെയ്യുന്നു.
20 നിലകളുള്ള രാജ ഗോപുരത്തിന് 237 അടിയിൽ കൂടുതൽ ഉയരമാണുള്ളത്. 10 രൂപ ടിക്കറ്റ് എടുത്താൽ ഗോപുരത്തിന്റെ മുകളിൽ ലിഫ്റ്റ് വഴി കയറാം. അവിടെ എത്തിയാൽ അറബിക്കടലിന്റെയും ശിവ പ്രതിമയുടെയും ഏരിയൽ വ്യൂ കാണാം. ശക്തമായ കടൽക്കാറ്റ് ഇവിടുത്തെ ജനൽപാളികളിലൂടെ അകത്തേക്ക് വരുന്നുണ്ടാകും. ഗോപുരത്തിനുള്ളിൽ നല്ല തണുപ്പും അനുഭവപ്പെടുന്നു.
ഗോപുരത്തിനരികിലൂടെയുള്ള പടവുകളിൽ കയറി ശിവപ്രതിമയുടെ അടുത്തേക്ക് ചെല്ലാം. കാശിനാഥ് എന്ന ശിൽപിയാണ് ഈ ശിവപ്രതിമയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ശിവന്റെ ഗംഭീര ശിൽപത്തിന് മുന്നിൽ എത്തി നിൽക്കുമ്പോൾ ആർക്കും എന്തെന്നില്ലാത്ത ഒരു സന്തോഷമുണ്ടാകും. കോൺക്രീറ്റിൽ വെള്ളി പൂശിയ ശിലാപ്രതിമയ്ക്ക് നാല് ഭാഗത്തായി ചെറു ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു. ശിവപ്രതിമക്ക് താഴെയായി ഒരു ഗുഹ ഉണ്ടാക്കിയിരിക്കുന്നു. അതിനുള്ളിലേക്ക് പ്രവേശനം ടിക്കറ്റ് എടുത്താണ്. ഇടുങ്ങിയ ആ ഗുഹക്കുള്ളിൽ ഒരു വശത്ത് മുരുഡേശ്വരന്റെ ഐതിഹ്യം ശില്പങ്ങളായി ചുറ്റിലും ഉണ്ടാക്കിവെച്ചിരിക്കുന്നു.
പണ്ട് ശിവന്റെ എല്ലാ ശക്തിയും അടങ്ങിയ ആത്മലിംഗത്തിനായി രാവണൻ തപസ്സിരുന്നു. വരം കൊടുത്താൽ പ്രശ്നമാകുമെന്ന് മനസിലാക്കിയ ശിവൻ, ഒരു ഉപാധിയോടെ അനുഗ്രഹിച്ചുവത്രേ. അതായത് വരപ്രസാദം ഒരിക്കലും താഴെ വെക്കരുത്, വെച്ചാൽ അതിന്റെ ശക്തി ഇല്ലാതാവും. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ ഗണപതി ബ്രാഹ്മണകുമാരനായി പ്രത്യക്ഷപ്പെട്ടു. നിലത്തുവെക്കരുത് എന്ന വ്യവസ്ഥയിൽ കുട്ടിയെ ഏല്പ്പിച്ചു സന്ധ്യാവന്ദനത്തിനു പോവുന്ന രാവണൻ തിരിച്ചുവരുന്നതിനു മുൻപേ കുട്ടി താഴെ വെക്കുകയും അത് ഭൂമിയിൽ ഉറച്ചുപോവുകയും ചെയ്തു. ദേവന്മാരുടെ ചതി ആണെന്ന് മനസിലാക്കിയ രാവണൻ കോപിഷ്ടനായി മണ്ണിലുറച്ച ശിവലിംഗം പിഴുതെടുക്കാൻ ശ്രമിക്കുകയും അത് പൊട്ടി നാലുപാടും തെറിച്ചു വീഴുകയും ചെയ്തുവത്രേ. ആ സ്ഥലങ്ങളിലൊക്കെ പില്ക്കാലത്ത് ശിവക്ഷേത്രങ്ങൾ ഉണ്ടായി. അങ്ങനെയാണ് മുരുഡേശ്വര ക്ഷേത്രത്തിൻ്റെ ഐതീഹ്യം പറയുന്നത്.