ഭാരതീയ ഇതിഹാസമായ രാമായണത്തിന്റെ കർത്താവാണ് പുരാതന ഭാരതീയഋഷിയായ വാല്മീകി. ആദ്ധ്യാത്മികഗ്രന്ഥമായ യോഗവാസിഷ്ഠവും അദ്ദേഹത്തിന്റെ കൃതിയാണത്രെ. ആദി കവി എന്നും അദ്ദേഹം അറിയപ്പെടുന്നു. നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജിവിതത്തിൽ വന്ന സമയം വരെ അദ്ദേഹം ഒരു കവർച്ചക്കാരനായിരുന്നു. പിൽക്കാലത്തെ ഉദാത്തമായ കവികളിൽ അദ്ദേഹം ആദ്യത്തെ യഥാർത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതിക്ക് പുതുമയും സാഹിത്യപരമായ ഗുണമേന്മയും ഉണ്ടായിരുന്നു.
വരുണപുത്രനായ രത്‌നാകരന്‍ ചെറുപ്പത്തില്‍ത്തന്നെ ദുഷ്ടന്മാരുടെ കൂട്ടത്തില്‍പ്പെട്ട് ഒരു കൊള്ളക്കാരനായി. കുടുംബം പുലര്‍ത്താന്‍വേണ്ടി വഴിയാത്രക്കാരെ കൊള്ളയടിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളെ കൊള്ളയടിക്കാന്‍ മുതിര്‍ന്നപ്പോള്‍ അവര്‍ രത്‌നാകരനോടു ചോദിച്ചു.
”നീ എന്തിനുവേണ്ടിയാണ് ഈ പാപകര്‍മം ചെയ്യുന്നത്?”കുടുംബം പുലര്‍ത്താന്‍ എന്നായിരുന്നു രത്‌നാകരന്റെ മറുപടി.”ഈ പാപങ്ങളുടെ ഫലം നിന്റെ കുടുംബാംഗങ്ങള്‍ കൂടി അനുഭവിക്കുമോ?””അതു ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല.””എന്നാല്‍ ചോദിച്ചിട്ടു വരൂ.”അപ്രതീക്ഷിതമായ ആ ചോദ്യത്തിന്റെ ഉത്തരം തേടി രത്‌നാകരന്‍ വീട്ടിലേക്കോടി.”ഞാന്‍ ചെയ്യുന്ന പാപകര്‍മങ്ങളുടെ ഫലങ്ങള്‍ നിങ്ങള്‍കൂടി അനുഭവിക്കുമോ?””ഇല്ല. അവരവര്‍ ചെയ്യുന്ന പാപങ്ങളുടെ ഫലം അവരവര്‍ തന്നെ അനുഭവിക്കണം.”ആ മറുപടി കേട്ട് മാനസാന്തരപ്പെട്ട രത്‌നാകരന്‍ തിരിച്ചുവന്ന് സപ്തര്‍ഷികളുടെ കാല്‍ക്കല്‍ വീണ് മാപ്പിരന്നു. അവര്‍ അവന് ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുത്തു.
രത്‌നാകരന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ തപസ്സിരുന്നു. കാലം ഏറെ കടന്നുപോയി. ചുറ്റും ചിതല്‍പ്പുറ്റുയര്‍ന്നതും വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നതും അതില്‍ പക്ഷികള്‍ കൂടുകൂട്ടിയതുമൊന്നും അയാളറിഞ്ഞില്ല. അനേകവര്‍ഷങ്ങള്‍ക്കു ശേഷം സപ്തര്‍ഷികള്‍ ആ വഴി മടങ്ങി വന്നു. ചിതല്‍പ്പുറ്റുകള്‍ തകര്‍ത്തു രത്‌നാകരനെ പുറത്തെടുത്തു.
വാല്മീകം അഥവാ ചിതല്‍പ്പുറ്റില്‍ നിന്ന് പുറത്തുവന്നതിനാല്‍ വാല്മീകി എന്ന് പേരു നല്‍കി..! അങ്ങനെ ഒരു ദിവസം വാല്മീകിയുടെ ആശ്രമത്തില്‍ ശ്രീ രാമനും ,സീതാദേവിയും,ലക്ഷമണനും വരുകയും അവിടെ വെച്ചു വാല്മീകിയുടെ അഭ്യര്‍ഥന പ്രകാരം ശ്രീരാമന്‍ ചിത്രകൂടം എന്ന കുടില്‍ വാല്മീകിയുടെ ആശ്രമത്തിന്‍റെ സമീപം പണിഞ്ഞു എന്ന് ചരിത്രം.വാല്മീകി മഹര്‍ഷി ഒരുനാള്‍ തമസാനദിയുടെ തീരത്തുള്ള തന്റെ ആശ്രമത്തില്‍ നിന്നും സന്ധ്യാവന്ദനത്തിനു പുറപ്പെട്ടു. പെട്ടെന്ന് ദയനീയവും ഭീകരവുമായ ഒരുദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്നു. വൃക്ഷക്കൊമ്പില്‍ സല്ലപിച്ചുകൊണ്ടിരുന്ന ഇണപ്രാവുകളില്‍ ഒന്ന് ഒരു വേടന്റെ അമ്പേറ്റ് മഹര്‍ഷിയുടെ കാല്‍ക്കല്‍ വന്നുവീണു പിടഞ്ഞു പിടഞ്ഞു മരിച്ചു. മഹര്‍ഷിയുടെ ഉള്ളില്‍നിന്നും താപവും ഖേദവും ദുഃഖവുമെല്ലാം ചേര്‍ന്ന വികാരവിക്ഷോഭം ഒരു ശാപമായി- ഒരു ശ്ലോകമായി- പുറത്തുചാടി. പ്രാവിനെ എയ്തുവീഴ്ത്തിയ വേടനെ നോക്കി
"മാ നിഷാദ പ്രതിഷ്ഠാം ത്വമാഗമ: ശാശ്വതി: സമ:
യത് ക്രൌഞ്ചമിഥുനാദേകമവധി: കാമമോഹിതം"
ഹേ നിഷാദാ, കാമമോഹിതരായിരുന്ന ഈ ഇണപ്രാവുകളിലൊന്നിനെ വധിച്ച നീ അധികകാലം ജീവിച്ചിരിക്കാതാകട്ടെ! എന്ന് പ്രത്യക്ഷര്‍ത്ഥം . രാക്ഷസീ ദമ്പതികളില്‍ ഒന്നിനെ (രാവണനെ) വധിച്ച ഹേ രാമചന്ദ്രാ, അങ്ങയുടെ കീര്‍ത്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കട്ടെയെന്നു പരോക്ഷാര്‍ത്ഥം. അതിമനോഹരമായ ഈ കാവ്യധ്വനി ബ്രഹ്മലോകത്തോളമെത്തി. സൃഷ്ടികര്‍ത്താവ് ഉടനെ പ്രത്യക്ഷപ്പെട്ട് വാല്മീകിയെ അനുമോദിച്ചു. ഈ ശ്ലോകത്തിന്റെ മാതൃകയില്‍ രാമകഥ രചിക്കാന്‍ വാല്മീകിയോട് ബ്രഹ്മാവ് നിര്‍ദ്ദേശിക്കുകയും ചെയ്തു.