വേദവ്യാസന്‍



പണ്ട് പരാശരനെന്നുപേരായ ഒരു മഹര്‍ഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന് വ്യാസനെന്നു പേരുള്ള ദിവ്യനായൊരു പുത്രന്‍ സത്യവതിയില്‍ ഉണ്ടായി. സത്യവതി ഒരു മുക്കുവസ്ത്രീ ആയിരുന്നു. എന്നാല്‍ അവരുടെ മകന്‍ പ്രസിദ്ധനായ ഋഷി ആയി. ഇദേഹത്തിന്റെ ബാല്യകാല നാമം കൃഷ്ണൻ എന്നായിരുന്നു. ജനനം ഒരു ദ്വീപിലായിരുന്നതിനാൽ കൃഷ്ണദ്വൈപായനൻ എന്നു പേരുണ്ടായി. അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വേദങ്ങള്‍ അദ്ദേഹം ഋഗ്, യജുസ്സ്, സാമം, അഥര്‍വം എന്നിങ്ങനെ നാലായി പകുത്തു. വേദങ്ങളെല്ലാം വ്യസിച്ചതിനാല്‍ വേദവ്യാസന്‍ എന്ന് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം മഹാഭാരതമെന്ന ഇതിഹാസമെഴുതി. ലോകത്തിലുള്ള എല്ലാ ജ്ഞാനവും അതില്‍ അടങ്ങിയിട്ടുണ്ട്. അദ്ദേഹം പതിനെട്ടു പുരാണങ്ങള്‍ രചിച്ചു. കൂടാതെ ബ്രഹ്മസൂത്രവും എഴുതി. അദ്ദേഹം മാഹാജ്ഞാനിയായിരുന്നു. അദ്ദേഹത്തിന് ശുകനെന്നുപേരായ ഒരു പുത്രനുണ്ടായിരുന്നു. അദ്ദേഹവും മഹാജ്ഞാനിയായിരുന്നു. 

സുദീർഘമായ ജീവിതസാഗരം തരണം ചെയ്തു വന്ന വ്യാസന് മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഗ്രഹിക്കാൻ കഴിഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ ഭൂതകാല സംഭവങ്ങൾ അണിനിരത്തിയതാണ് ഈ പതിനെട്ട് പുരാണേതിഹാസങ്ങൾ.ഈ ഘട്ടത്തിൽ തന്നെയാവാം വേദങ്ങളെ നാലായി പകുത്തതും പുരാണങ്ങളും ഉപപുരാണങ്ങളും രചിച്ചതും. അദ്ദേഹത്തിന് ഈശ്വരനെ എല്ലായിടത്തും കാണാന്‍ കഴിയുമായിരുന്നു. വ്യാസനെ ഗുരുവായി ഭജിക്കൂ. അദ്ദേഹം നിങ്ങളെ അനുഗ്രഹിക്കും. 

എല്ലാ മന്വന്തരത്തിലും ഓരോ വ്യാസന്മാർ ജനിക്കുമെന്ന് പുരാണങ്ങളിൽ കാണുന്നു. ഏതേതു മന്വന്തരത്തിൽ ആരെല്ലാം വ്യാസനായിരുന്നുവെന്നും ആ വ്യാസന്മാർ വിഭജിച്ച വേദശാഖകളേതെല്ലാമെന്നും ഉള്ളതിനെപ്പറ്റി വിഷ്ണു പുരാണം മൂന്നാം അംശം മൂന്നാം അദ്ധ്യായത്തിൽ വ്യക്തമായി പറയുന്നു. ഈ കാലം വരെ ഇരുപത്തെട്ട് വ്യാസന്മാർ ജനിച്ചിട്ടുണ്ടെന്നും ഇവരോരോരുത്തരും വേദത്തെ നാലാക്കി തിരിച്ചിട്ടുണ്ടെന്നും സങ്കല്പമുണ്ട്.


  1. ഒന്നാം ദ്വാപരയുഗം         - ബ്രഹ്മാവ്
  2. രണ്ടാം ദ്വാപരയുഗം         - പ്രജാപതി
  3. മൂന്നാം ദ്വാപരയുഗം         - ശുക്രാചാര്യൻ
  4. നാലാം ദ്വാപരയുഗം         - ബൃഹസ്പതി
  5. അഞ്ചാം ദ്വാപരയുഗം      - സൂര്യൻ
  6. ആറാം ദ്വാപരയുഗം         - ധർ‌മരാജാവ്
  7. ഏഴാം ദ്വാപരയുഗം           - ദേവേന്ദ്രൻ
  8. എട്ടാം ദ്വാപരയുഗം           - വസിഷ്ഠൻ
  9. ഒൻപതാം ദ്വാപരയുഗം    - സാരസ്വതൻ
  10. പത്താം ദ്വാപരയുഗം       - ത്രിധാമാവ്
  11. പതിനൊന്നാം ദ്വാപരയുഗം  - ത്രിശിഖന്
  12. പന്ത്രണ്ടാം ദ്വാപരയുഗം         - ഭർദ്വാജൻ
  13. പതിമൂന്നാം ദ്വാപരയുഗം       - അന്തരീക്ഷൻ
  14. പതിന്നാലാം ദ്വാപരയുഗം      - വർ‌ണ്ണി
  15. പതിനഞ്ചാം ദ്വാപരയുഗം      - ത്രയ്യാരുണൻ
  16. പതിന്നാറാം ദ്വാപരയുഗം      - ധനഞ്ജയൻ
  17. പതിനേഴാം ദ്വാപരയുഗം        - ക്രതുഞ്ജയൻ
  18. പതിനെട്ടാം ദ്വാപരയുഗം       - ജയൻ
  19. പത്തൊൻപതാം ദ്വാപരയുഗം   - ഭരദ്വാജൻ
  20. ഇരുപതാം ദ്വാപരയുഗം - ഗൗതമന്
  21. ഇരുപത്തിഒന്നാം ദ്വാപരയുഗം - ഹര്യാത്മാവ്
  22. ഇരുപത്തിരണ്ടാം ദ്വാപരയുഗം - തൃണബിന്ദു
  23. ഇരുപത്തിമൂന്നാം ദ്വാപരയുഗം - വാജശ്രവസ്സ്
  24. ഇരുപത്തിനാലാം ദ്വാപരയുഗം - വാല്മീകി
  25. ഇരുപത്തിഅഞ്ചാം ദ്വാപരയുഗം - ശക്തി
  26. ഇരുപത്തിആറാം ദ്വാപരയുഗം - പരാശരൻ
  27. ഇരുപത്തിഏഴാം ദ്വാപരയുഗം - ജാതുകർ‌ണ്ണൻ
  28. ഇരുപത്തിയെട്ടാം ദ്വാപരയുഗം - കൃഷ്ണദ്വൈപായനൻ