ഇവിടെ പതിമൂന്ന് ദിവസത്തെ ഉത്സവമായിട്ടാണ് പറണേറ്റ് നടത്തുന്നത്. ഒന്നാം ഉത്സവദിവസം ആരംഭിക്കുന്നത് ഗണപതി ഹോമത്തോടു കൂടിയാണ്. അതിനു ശേഷം തൃക്കൊടിമരം മുറിക്കാൻ പോകുന്നു. തൃക്കൊടിമരം മുറിച്ച് വാദ്യമേളത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു. ദേവിക്ക് മുന്നിലെ ഉച്ചപൂജക്ക് ശേഷം ദേവിമാർ പുറത്തെഴുന്നെള്ളുന്നു. തുടർന്ന് ദേവിമാർ അണിയറപുര, പറണ്ണ്, പള്ളിമാടം എന്നിവയ്ക്കുള്ള സ്ഥാനം കണ്ടിട്ട് ചിറയിലേക്ക് എഴുന്നെള്ളുന്നു. ചിറയിൽ വച്ച് രാത്രിയുള്ള ഉച്ചബലി നടത്തി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളുന്നു. ഇതേ സമയം ക്ഷേത്രത്തിൽ ആശാരിമാരും ഭക്തരും ചേർന്ന് ദേവിക്കുള്ള അണിയറ പുരയും പള്ളിമാടവും പണികഴിക്കുന്നു.
തിരിച്ചെഴുന്നള്ളി വരുന്ന ദേവിയും അച്ഛനും ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുകയും തുടർന്ന് ദേവിമാർ അണിയറ പുരയിൽ പ്രവേശിക്കുകയും ദേവിയുടെ അച്ഛൻ കൈയിലുള്ള ഉടവാളുമായി പള്ളിമാടത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഉത്സവം കഴിയുന്നത് വരെ ദേവിയുടെ അച്ഛനാകുന്ന വ്യക്തി പള്ളിമാടത്തിലാണ് കഴിയേണ്ടത്. അതിനു ശേഷം ദേവിക്കു മുന്നിൽ പൂജകൾ നടത്തുകയും തൃക്കൊടിയേറ്റുകയും ചെയ്യുന്നു.
തുടർന്ന് ഒരോ ഉത്സവദിവസവും കടന്നു പോകുന്നു. എല്ലാ ഉത്സവദിവസങ്ങളിലും പൂജാ എഴുന്നെള്ളിപ്പ് രാത്രി നടത്തി വരുന്നു. അങ്ങനെ വരുന്ന പന്ത്രണ്ടാം ഉത്സവദിവസം രാത്രിയാണ് പറണേറ്റ് നടത്തുന്നത്. അന്നേ ദിവസം പ്രഭാതത്തിൽ ദേവിക്കു മുന്നിലെ പ്രഭാത പൂജക്കു ശേഷം പറണിന് കന്നിക്കാൽ നിർത്തുന്നു. തുടർന്ന് പറണിന്റെ നിർമ്മാണം ആരംഭിക്കുന്നു.
പറണ് നിർമ്മിക്കുന്നതിനായി നിവർന്ന 50-52 അടി പൊക്കമുള്ള നാല് തെങ്ങുകളും ഏണി നിർമ്മിക്കാനുള്ള കവുങ്ങും പറണിന്റെ മുകളിൽ തട്ടിടാനുള്ള മാവിൻ തടിയും ആണ് വേണ്ടത്. ദേവിയുടെ പറണ് നിർമ്മിക്കാനുള്ള തെങ്ങ് മുറിക്കാൻ പോകുന്നതും ഈ ഉത്സവദിവസങ്ങളുടെ ഇടയിലാണ്. അതുപോലെ തന്നെ മാവിൻ തടികൾ പലകകൾ ആക്കിയും ക്ഷേത്രാങ്കണത്തിൽ എത്തിക്കുന്നു. തുടർന്ന് ദേവി പറണിന് സ്ഥാനം കണ്ട സ്ഥലത്ത് ആദ്യം കന്നിക്കാലായി ഒരു തെങ്ങ് നിർത്തുന്നു. തുടർന്ന് മറ്റ് മൂന്ന് തെങ്ങുകളും നിർത്തുന്നു. അതിനു ശേഷം ഏറ്റവും മുകളിൽ മാവിന്റെ പലകകൾ കൊണ്ട് തട്ട് കെട്ടുന്നു. അതിനു ശേഷം ദേവിക്ക് പറണിൽ കേറാനുള്ള ഏണിക്കവുങ്ങ് നിർത്തുന്നു. ദേവിയുടെ പറണിന്റെ പണി കഴിയുന്നതും പുഷ്പഹാരങ്ങളും വാഴക്കുലകളും കരിക്കിൻ കുലകളും തോരണങ്ങളും കൊണ്ട് അലങ്കരിക്കുന്നു. ദേവിയുടെ പറണിന്റെ എതിർ വശത്തായി ദാരികന്റെ പറണ് പണി കഴിക്കുന്നു. ദാരികന്റെ പറണിന് 20-22 അടിയോളം പൊക്കം മാത്രമേ ഉണ്ടാകുകയുള്ളൂ. ദാരികന്റെ പറണ് നിർമ്മിക്കുന്നത് കവുങ്ങ് കൊണ്ടാണ്. ഏതാണ്ട് രാത്രി എട്ട് മണിയോടെ രണ്ട് പറണും അതി മനോഹരമായി നിർമ്മിച്ചു കഴിയുന്നു.
തുടർന്ന് പറണിനു മുന്നിൽ പല വിധത്തിലുള്ള പൂജകൾ നടത്തുകയും ദേവിമാർ പറണിന്റെ ചുവട്ടിൽ പീഠത്തിൽ ഇരിക്കുകയും ചെയ്യുന്നു. രാത്രി പത്ത് മണി കഴിയുന്നതോടെ പറണേറ്റ് നടത്തുന്നു. ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പറന്നേറ്റ് മഹോത്സവം കാണുവാൻ നാനാഭാഗത്തു നിന്നും ഭക്തജനങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. ആ സമയം കുളത്തൂർ ഫണമുഖത്ത് ദേവീ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ "അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ " എന്ന നാമജപത്തോടെ കൂപ്പുകൈകളുമായി നിൽക്കുന്ന ഭക്തിനിർഭരമായ കാഴ്ച കാണാൻ സാധിക്കുന്നു. ഇവിടെ മുത്ത ദേവിയായ ഭദ്രകാളീ ദേവിയാണ് പറണിൽ കേറുന്നത്. ഇളയ ദേവിയായ ദുർഗ്ഗാദേവീ പറണിന്റെ ചുവട്ടിൽ പീഠത്തിൽ ഇരിക്കുന്നു. ദേവി പറണിൽ ഏറുന്ന ആ ഭക്തിനിർഭരമായ കാഴ്ച അവർണ്ണനീയമാണ്. ഈ സമയം ക്ഷേത്രാങ്കണത്തിൽ വാദ്യമേളങ്ങളും വാക്കുരവകളും ദേവീ നാമജപങ്ങളും മുഴങ്ങുന്നു. അങ്ങനെ ദേവി പറണിനു മുകളിൽ എത്തി പീഠത്തിൽ ഇരിക്കുന്നു. തുടർന്ന് ദേവിമാർക്ക് മുന്നിൽ പൂജ നടത്തുന്നു.
ക്ഷേത്രാങ്കണം ഭക്തിനിർഭരമായി തീരുന്ന ഈ അവസരത്തിൽ ഭക്തരെ ഭയപ്പെടുത്തി കൊണ്ട് അട്ടഹാസച്ചിരികളോടെ പന്തങ്ങളും ചുട്ടുകളും കത്തിച്ചു കൊണ്ട് ക്ഷേത്രത്തിന്റെ കവാടത്തിലൂടെ ദാരികനും പടയാളികളും ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നു. നല്ലവണ്ണവും പൊക്കവും തടിയൻ മീശയും തലയിൽ സ്വർണ്ണ കിരീടവും കൈയിൽ വാളുമേന്തിയാണ് ദാരികന്റെ വരവ്.
ദാരികനും പടയാളികളും ദേവിയുടെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ദേവിയേയും പരമശിവനേയും പരിഹസിച്ചു കൊണ്ട് നൃത്തം വയ്ക്കുകയും ക്ഷേത്രാങ്കണത്തെ അലങ്കരിച്ചിരിക്കുന്ന വാഴക്കുലകളെ വെട്ടി വലിച്ചെറിയുകയും ചെയ്യുന്നു. അതിനു ശേഷം ദേവിയുടെ അണിയറ പുരയിൽ അതിക്രമിച്ചു കയറുകയും അവിടെ മൊത്തം തകർക്കുകയും ചെയ്യുന്നു. അങ്ങനെ വീണ്ടും വീണ്ടും ദേവിയെ പരിഹസിച്ചു കൊണ്ട് ദാരികൻ തന്റെ പറണിൽ കയറുന്നു.
തുടർന്ന് ദേവിയും ദാരികനുമായുള്ള തോറ്റം പാട്ട് ആരംഭിക്കുന്നു. തോറ്റം പാട്ട് നടത്തുന്നത് ഏഴ് ഘട്ടങ്ങളായാണ്. ഓരോ ഘട്ടം കഴിയുമ്പോഴും ദേവി പറണിൽ എഴുന്നെള്ളി ദാരികനുമായി യുദ്ധത്തിന് ശ്രമിക്കുന്നു. അതേ സമയം ഇളയദേവി പറണിനു ചുറ്റും എഴുന്നെള്ളുന്നു. ഇതെല്ലാം കണ്ട് ദാരികൻ വീണ്ടും ദേവിയെ പരിഹസിക്കുന്നു.
ആകാശമാർഗ്ഗത്തിൽ വച്ച് ദാരികനെ കണ്ടുമുട്ടുന്ന ദേവിമാർ ദാരികനെ യുദ്ധത്തിനായി വെല്ലുവിളിക്കുന്നു. എന്നാൽ ദാരികൻ ദേവിമാരെയും പിതാവായ പരമശിവനെയും പരിഹസിച്ച് വെല്ലുവിളിക്കുന്നു. അവസാനം നേരം പുലർന്ന് ഭൂമിയിൽ വച്ച് യുദ്ധം ചെയ്യാം എന്ന് പറഞ്ഞ് അട്ടഹസിക്കുന്നു. ഇതിനെയാണ് തോറ്റം പാട്ട് രൂപത്തിൽ പാടുന്നത്.
തോറ്റംപാട്ട് എകദേശം 4 മണിക്കൂറോളം നീണ്ടു നിൽക്കുന്നു. യുദ്ധം പ്രഖ്യാപിക്കുന്നതോടെ തോറ്റം പാട്ട് അവസാനിക്കുന്നു. തുടർന്ന് ദാരികൻ പറണിൽ നിന്ന് ഇറങ്ങി ക്ഷേത്രാങ്കണം വിട്ട് പുറത്തു പോകുന്നു. അതിനു ശേഷം ദേവി പറണിൽ നിന്ന് ഇറങ്ങുന്നു. ദേവി പറണിൽ നിന്നിറങ്ങുന്ന കാഴ്ച എല്ലാ ദേവീ ഭക്തരുടെ മനസ്സിലും ഭയം സൃഷ്ടിക്കുന്നു. ഏതാണ്ട് അരമണിക്കൂറോളം വേണ്ടിവരും ദേവി പറണിൽ നിന്ന് താഴെയെത്തുവാൻ. തുടർന്ന് ദേവി ഇളയ ദേവിയുടെ വലതുവശത്ത് പീഠത്തിൽ ഇരിക്കുന്നു. അതിനു ശേഷം ദേവിമാർക്കു മുന്നിൽ പൂജകൾ നടത്തുന്നു. ശേഷം ദേവിമാർ കുറച്ചു സമയം പറണിന്റെ ചുവട്ടിൽ വിശ്രമിക്കുന്നു. അതെ ദാരികനുമായുള്ള നിലത്തിൽപ്പോരിനു വേണ്ടിയുള്ള വിശ്രമം.
തുടരും...